മാനന്തവാടി: കേരള-കർണാടക അതിർത്തിയായ തോൽപ്പെട്ടി, ബാവലി ചെക്ക് പോസ്റ്റുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ അയവില്ല. ഇരു സംസ്ഥാനത്തെയും നികുതി അടച്ച് സർവ്വിസ് നടത്തുന്ന അതിർത്തിയിലെ ടാക്സി ഡ്രൈവർമാർ ദുരിതത്തിലായി. കർണ്ണാടകയുടെ ഇരട്ടനീതിക്കെതിരെ പ്രതിഷേധം ശക്തമാണ്.
കൊവിഡ് നിയന്ത്രണങ്ങൾ ആരംഭിച്ചതിന് ശേഷം കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ചുരുങ്ങിയ കാലം മാത്രമാണ് കർണ്ണാടകയിൽ കേരളത്തിൽ നിന്നുള്ള ടാക്സി വാഹനങ്ങൾ പ്രവേശിപ്പിച്ചത്. അതിർത്തിയിൽ താമസിക്കുന്ന തൊഴിലാളികളുടെയും, ടാക്സി ഡ്രൈവർമാരുടെയും ജിവിതം ദുരിതത്തിലാക്കി. ഇതിനിടയിൽ ഒമിക്രോൺ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വീണ്ടും യാത്രാനിയന്ത്രണവും വാരാന്ത്യ കർഫ്യൂവും പ്രഖ്യാപിച്ചു. കർണ്ണാടകയെ ആശ്രയിച്ച് ജീവിതമാർഗ്ഗം കണ്ടെത്തുന്ന കൂലിത്തൊഴിലാളികളെ കർണ്ണാടക രജിസ്‌ട്രേഷൻ ഉള്ള ടാക്സി വാഹനങ്ങളിലും സ്വകാര്യ വാഹനങ്ങളിലും യഥേഷ്ടം കൊണ്ടു പോകുമ്പോൾ കേരളാ രജിസ്‌ട്രേഷനിൽ ഉള്ള കർണ്ണാടക പെർമിറ്റ് എടുത്ത വാഹനങ്ങൾക്ക് കടുത്ത നിയന്ത്രണമാണ് കർണ്ണാടക ഏർപ്പെടുത്തുന്നത്.

കർണ്ണാടകയുടെ ഈ ഇരട്ട സമീപനത്തിനെതിരെ റോഡ് തടയൽ ഉൾപ്പെടെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് അതിർത്തി ഗ്രാമത്തിലെ ഡ്രൈവേഴ്സ് യൂണിയൻ.