സുൽത്താൻ ബത്തേരി: പട്ടയ ഭൂമിയിലെ നിർമ്മാണ നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തിൽ 28-ന് കളക്‌ട്രേറ്റിന് മുന്നിൽ പാർട്ടി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ധർണ നടത്താൻ സമരപ്രഖ്യാപന കൺവെൻഷൻ തീരുമാനിച്ചു.
മുഖ്യമന്ത്രിയേയും റവന്യു,തദ്ദേശ വകുപ്പ് മന്ത്രിമാരെയും നേരിൽ കണ്ട് നിവേദനം നൽകാനും തീരുമാനിച്ചു. 30-ന് വില്ലേജ് തലത്തിൽ പട്ടയ ഉടമകളുടെ യോഗം വിളിച്ചുചേർക്കും. തുടർന്ന് പട്ടയ ഉടമകളുടെ നിവേദനം തയ്യാറാക്കി ഫെബ്രുവരി 6, 7 തീയ്യതികളിൽ മുഖ്യമന്ത്രിക്കും ഗവർണർക്കും നൽകും. വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ പഞ്ചായത്തുതലത്തിൽ കൺവെൻഷൻ വിളിച്ചുചേർക്കും. ഫെബ്രുവരി 13-ന് വീടുകളിൽ പ്രതിഷേധ ജ്വാല തെളിയിക്കാനും പ്രശ്നം നിയമപരമായി നേരിടുന്നതിന്റെ സാധ്യത ആലോചിക്കാനും കൺവെൻഷൻ തീരുമാനിച്ചു.
എൽ.എ പട്ടയ ഭൂമികളിലാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ജില്ലയിലെ എല്ലാ പട്ടയഭൂമികളിലും ഇപ്പോൾ നിർമ്മാണ നിയന്ത്രണം നിലനിൽക്കുകയാണ്.
ഡബ്ല്യുസിഎസ് പട്ടയങ്ങൾ ഉപാധികളില്ലാതെയാണ് നൽകിയത്. മരങ്ങൾ മുറിക്കുന്നതിനു മാത്രമാണ് നിയന്ത്രണങ്ങൾ പറഞ്ഞിട്ടുള്ളത്.
കൺവെൻഷൻ പാർട്ടി ജില്ലാ സെക്രട്ടറി പി.ഗഗാറിൻ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മറ്റി അംഗം സുരേഷ് താളൂർ അദ്ധ്യക്ഷത വഹിച്ചു. വി.വി.ബേബി, സി.കെ.സഹദേവൻ, പി.ആർ.ജയപ്രകാശ് ,ബേബി വർഗീസ്, എൻ.പി.കുഞ്ഞുമോൾ. ടി.കെ.രമേശ്, എം.എസ്.വിശ്വനാഥൻ, പി.കെ.രാമചന്ദ്രൻ, സി.ശിവശങ്കരൻ, കെ.സി.യോഹന്നാൻ തുടങ്ങിയവർ
സംസാരിച്ചു.
ഫോട്ടോ--സമരം
ബത്തേരിയിൽ നടന്ന സമര പ്രഖ്യാപന കൺവെൻഷൻ സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ ഉദ്ഘാടനം ചെയ്യുന്നു