കൽപ്പറ്റ: മുട്ടിൽ പഞ്ചായത്തിലെ ഒൻപതാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ വാർഡ് മെമ്പർ സ്വജനപക്ഷപാതവും അഴിമതിയും നടത്തുകയാണെന്ന് കുടുംബശ്രീ എ.ഡി.എസ് ശാന്ത ദിവാകരൻ, പ്രവർത്തകരായ പുഷ്പ നാരായണൻ, മോളി ജോസ്, സിൻസി ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിച്ച മോളി ജോസിന് മേറ്റ് സ്ഥാനം കൊടുക്കാതെ ഇഷ്ടക്കാരെ നിയമിക്കുകയായിരുന്നു മെമ്പർ. ഇതിനെതിെര മോളി ജോസ് വകുപ്പ് മന്ത്രിക്ക് പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിൽ മാപ്പപേക്ഷ നൽകി പ്രശ്നം പരിഹരിച്ച മെമ്പർ വീണ്ടും പ്രകോപനപരമായ നിലപാടുകളെടുക്കുകയാണ്. പഞ്ചായത്ത് മെമ്പറായിരിക്കെ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലെടുത്തും ഇവർ പണം വാങ്ങുന്നുണ്ട്. പഞ്ചായത്ത് ഭരണസമിതിയും ഇവർക്ക് ഒത്താശ ചെയ്യുന്നു. മുട്ടിൽ പഞ്ചായത്തിൽ നടന്ന ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ചെയർപേഴ്സൺ കൂടിയായ അംഗം അതേദിവസത്തെ തൊഴിലുറപ്പ് മസ്‌റ്ററോളിലും ജോലി ചെയ്‌തെന്ന് കാണിച്ച് ഒപ്പിട്ടുണ്ട്. മെമ്പർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്നും വാർത്താസമ്മേളനത്തിൽ പങ്കെടുത്തവർ പറഞ്ഞു.