കൽപ്പറ്റ: വിദ്യാഭ്യാസമേഖലയിലെ സമഗ്രമാറ്റം ലക്ഷ്യമിട്ട് കൽപ്പറ്റ മണ്ഡലത്തിൽ സ്പാർക്ക് (സിഗ്‌നേച്ചർ പ്രോഗ്രാം ഫോർ അഡ്വാൻസ്‌മെന്റ് ആൻഡ് റിജുവനേഷൻ ഓഫ് കൽപ്പറ്റ) പദ്ധതി നടപ്പിലാക്കുമെന്ന് ടി.സിദ്ദിഖ് എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൽപ്പറ്റ മണ്ഡലത്തിലെ സ്‌കൂളുകളിൽ പാഠ്യ പാഠ്യേതര, കായിക പ്രവർത്തനങ്ങളിൽ മുന്നേറ്റമുണ്ടാക്കുക, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, സിവിൽ സർവ്വീസ് ഫൗണ്ടേഷൻ, യു.പി.എസ്.സി, പി.എസ്.സി, വിവിധ സർവ്വകലാശാല പ്രവേശനം, സ്‌ക്കോളർഷിപ് പരീക്ഷകൾ തുടങ്ങിയ മത്സര പരീക്ഷകളെ നേരിടാൻ വിദ്യാർത്ഥികൾക്ക് കരുത്തും ആത്മവിശ്വാസം നൽകുക തുടങ്ങിയ പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാർ ഫണ്ടുകൾ, എം.പി, എം.എൽ.എ ഫണ്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട്, എസ്.സി.ആർ ഫണ്ട് തുടങ്ങിയവ ഉപയോഗിച്ചാണ് സ്പാർക്ക് പദ്ധതി പ്രാവർത്തികമാക്കുക.
പ്രധാനമായും പത്തിന പരിപാടികളാണ് സ്പാർക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രീപ്രൈമറി മുതൽ കോളജുകൾ വരെയുള്ള സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം, ആദിവാസി വിദ്യാർത്ഥികളുടെ വികസനത്തിൽ ബഹുതല ഇടപെടൽ, പ്രമുഖരുടെ പ്രഭാഷണങ്ങൾ, കരിയർ അഡ്വാൻസ്‌മെന്റ് പ്രോഗ്രാം, കേരളത്തിലും പുറത്തുമുള്ള സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്നതിനുള്ള പരിശീലനം, ഗ്രീൻ സ്‌കൂൾ, ക്ലീൻ സ്‌കൂൾ, മികച്ച വിദ്യാർത്ഥികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള അവസരമൊരുക്കൽ, വായനാ പ്രചാരണം തുടങ്ങിയവയാണ് നടപ്പാക്കുക. വാർത്താസമ്മേളനത്തിൽ മുൻ എസ്.ഇ.ആർ.ടി റിസർച്ച് ഓഫീസറും, അമേരിക്കൽ ഗവൺമെന്റിന്റെ ബ്രൈറ്റ് സ്‌കോളറുമായ എ.വി.മനോജ് പദ്ധതികൾ വിശദീകരിച്ചു.