കൽപ്പറ്റ: എൻ.സി.ഡി (ജീവിതശൈലീ രോഗനിയന്ത്രണ പരിപാടി) മാരത്തൺ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. മുട്ടിൽ ഡബ്ല്യു.എം.ഒ. കോളജിൽ നിന്നുള്ള എൻ.സി.സി, എൻ.എസ്.എസ് വിദ്യാർത്ഥികളും പരിപാടിയുടെ ഭാഗമായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാസ്റ്റേഴ്സ് കായികതാരങ്ങളും പങ്കെടുത്തു.
ജില്ലയിലെ 66 കായിക പ്രതിഭകളാണ് 'ശീലങ്ങൾ നല്ലതാവട്ടെ, നല്ല നാളേക്കായി' എന്ന മുദ്രാവാക്യത്തോടെ നടന്ന മാരത്തണിൽ പങ്കെടുത്തത്. മുട്ടിൽ ബസ് സ്റ്റാന്റ് പരിസരം മുതൽ കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂൾ വരെയായിരുന്നു മാരത്തൺ. പുരുഷവിഭാഗത്തിൽ കാക്കവയൽ സ്വദേശി കെ.ആർ.സജീവ്, മുട്ടിൽ ഡബ്ല്യു.എം.ഒ. കോളജിലെ കെ.മുഹമ്മദ് ഷാനിഫ്, മാനന്തവാടി സ്വദേശിയും മാസ്റ്റേഴ്സ് താരവുമായ സാബു പോൾ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വനിതാ വിഭാഗത്തിൽ ബാവലി സ്വദേശിയും മാസ്റ്റേഴ്സ് താരവുമായ സജ്ന അബ്ദുറഹ്മാനാണ് ഒന്നാംസ്ഥാനം. മാസ്റ്റേഴ്സ് താരം കൽപ്പറ്റ സ്വദേശിനി ലതിക രണ്ടാം സ്ഥാനവും റൈന ലത്തീഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഫ്ളാഗ് ഓഫ് ചെയ്തു. കൽപ്പറ്റ എസ്.കെ.എം.ജെ. ജൂബിലി ഹാൾ പരിസരത്ത് നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാർ മുജീബ് കേയംതൊടി വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതം പ്രൈസ് മണിയും ട്രോഫിയും വിതരണം ചെയ്തു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പ്രിയ സേനൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
ലൂക്ക ഫ്രാൻസിസ് (കൈനാട്ടി), എൻ.മാത്യു (ചെന്നലോട്), ഗോവിന്ദൻ (അമ്പലവയൽ), സാബു പോൾ (പാൽവെളിച്ചം), ലതിക (എടഗുനി), എ.ഇ.ജെ.പോൾ (കാവുംമന്ദം), കത്രീന (വാളാട്), സജ്ന അബ്ദുറഹ്മാൻ (ബാവലി) തുടങ്ങിയ മാസ്റ്റേഴ്സ് താരങ്ങളാണ് പങ്കെടുത്തത്.