
പയ്യോളി: നൂറ്റാണ്ട് പഴക്കമുള്ള ഇരിങ്ങൽ റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തം. കൊവിഡ് രൂക്ഷമായതോടെ നിറുത്തിവെച്ചതാണ് ട്രെയിൻ സ്റ്റോപ്പ്. രണ്ട് വർഷമായിട്ടും പുനഃസ്ഥാപിച്ചിട്ടില്ല. സ്റ്റേഷൻ കാടുകയറി ഭാർഗവി നിലയത്തിന് സമാനമാവുന്നു. എക്സ്പ്രസ് വണ്ടികളുടെ മിനിമം നിരക്കായ 30 രൂപ നിരക്കിൽ നൽകാൻ തയ്യാറാണെന്ന് പറഞ്ഞിട്ടും ഇരിങ്ങലിൽ വണ്ടി നിറുത്താൻ അധികൃതർ തയ്യാറാവുന്നില്ല.
പണ്ട് സ്റ്റേഷൻ മാസ്റ്ററും പോർട്ടറും ഉണ്ടായിരുന്ന ഒരു സ്റ്റേഷനായിരുന്നു ഇരിങ്ങൽ. അടുത്ത കാലം വരെ രാവിലെയും വൈകിട്ടും നൂറുകണക്കിന് ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും തൊഴിലാളികളുമായ യാത്രക്കാർ ആശ്രയിച്ച സ്റ്റേഷൻ കൂടിയാണിത്. മോശമല്ലാത്ത സീസൺ ടിക്കറ്റും ഇവിടെ വിറ്റഴിക്കപ്പെട്ടിരുന്നു. പ്രവർത്തനമവസാനിപ്പിക്കുമ്പോൾ രാവിലെയും വൈകുന്നേരവുമായി 8 ട്രെയിനുകളാണ് ഇവിടെ നിറുത്തികൊണ്ടിരുന്നത്. ട്രെയിൻ യാത്രക്കാരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കണമെന്നു ജനങ്ങൾ ഒന്നടങ്കം ആവശ്യപ്പെടുന്നുണ്ട്. ഇതിനായി വിപുലമായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ച സർഗ്ഗാലയ (ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് ), മിനി ഗോവ എന്നറിയപ്പെടുന്ന ഇരിങ്ങൽ കൊളാവി ബീച്ച്, ധീര ദേശാഭിമാനി കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാരുടെ കോട്ട നിന്ന ഇടവും വീടും എന്നിവിടങ്ങളിൽ എത്തിച്ചേരാൻ ഇരിങ്ങലിൽ ട്രെയിൻ ഇറങ്ങിയാൽ എളുപ്പം സാധിക്കും.
നിറുത്തലാക്കിയ ട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്നും കാടുമൂടിക്കിടക്കുന്ന സ്റ്റേഷൻ ശുചീകരിക്കണമെന്നും യാത്ര സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു റെയിൽവേ ഇമ്പ്രൂവ്മെന്റ് കമ്മിറ്റി കെ.മുരളീധരൻ എം.പിക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്.
ട്രെയിൻ സ്റ്റോപ്പ് ഉ പുനഃസ്ഥാപിക്കുന്നതോടൊപ്പം യാത്രക്കാർക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി അടിപ്പാതനിർമ്മാണവും പ്ലാറ്റ്ഫോം ഉയർത്തുകയും വേണം പുതുക്കാട് രാമകൃഷ്ണൻ (റെയിൽവേസ്റ്റേഷൻ ഇമ്പ്രൂവ്മെന്റ് ആഷൻകമ്മിറ്റി, ഇരിങ്ങൽ)