1

കോഴിക്കോട്: കേരളത്തിന്റെ കശ്മീരായ മൂന്നാറിലേക്കും,​ പാവങ്ങളുടെ ഊട്ടിയെന്നറിയപ്പെടുന്ന നെല്ലിയാമ്പതിയിലേക്കും കെ.എസ്.ആർ.ടി.സി താമരശ്ശേരി ഡിപ്പോയിൽ നിന്ന് അടിപൊളി സവാരി തുടങ്ങി.

കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള വയനാട് പൂക്കോട് -വനപർവ്വം സർവീസ് വിജയരകമായതിനു പിന്നാലെയാണ് മൂന്നാറിലേക്കും നെല്ലിയാമ്പതിയിലേക്കുമുള്ള സർവീസുകൾ ആരംഭിച്ചത്. മൂന്നാറിലേക്കുള്ള കന്നിട്രിപ്പ് കഴിഞ്ഞ ശനിയാഴ്ച രാവിലെ ഒമ്പതിനും നെല്ലിയാമ്പതിയിലേക്കുള്ളത് ഇന്നലെ പുലർച്ചെ നാലിനുമാണ് ആരംഭിച്ചത്.

 മൂന്നാറിനെ അറിയാൻ

38 പേരുമായി എയർബസിൽ ഡിപ്പോ പരിസരത്തുനിന്ന് പുറപ്പെട്ട യാത്ര വൈകീട്ട് ഏഴോടെ മൂന്നാറിലെത്തി. ശേഷം കെ.എസ്.ആർ.ടി.സിയുടെ പ്രത്യേകം സജ്ജമാക്കിയ സ്ലീപ്പർബസിൽ അന്തിയുറങ്ങി. ഇന്നലെ രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ മൂന്നാറിൽ പ്രത്യേകം സജ്ജീകരിച്ച ബസിൽ ടാറ്റാ ടീ മ്യൂസിയം, ടോപ്പ്‌ സ്റ്റേഷൻ, കുണ്ടള ഡാം, ഇക്കോപോയന്റ്, ഫിലിം ഷൂട്ടിംഗ് പോയിന്റ്, ബോട്ടിംഗ് സൗകര്യമുള്ള മാട്ടുപെട്ടി ഡാം, ടീ ഗാർഡൻ ഫോട്ടോ പോയിന്റ്, ഫോറസ്റ്റ് ഫ്ലവർ ഗാർഡൻ എന്നീ എട്ടുകേന്ദ്രങ്ങളിൽ സന്ദർശനം നടത്തി. രണ്ടുമണിക്കൂർ ഷോപ്പിംഗ് സമയത്തിനുശേഷം വൈകീട്ട് ഏഴോടെ ബസ് മൂന്നാറിൽനിന്ന് മടങ്ങി. ഇന്ന് രാവിലെ 7 മണിയോടെ താമരശ്ശേരിയിൽ തിരിച്ചെത്തും. ഒരാൾക്ക് 1750 രൂപയാണ് നിരക്ക്. ഭക്ഷണത്തിന്റെയും അഞ്ചുകേന്ദ്രങ്ങളിലെ ടിക്കറ്റ് നിരക്കിന്റെയും ചെലവ് യാത്രക്കാരാണ് വഹിക്കുന്നത്.

 നെല്ലിയാമ്പതിയിലലിഞ്ഞ്

ഇന്നലെ പുലർച്ചെ നാലിനാണ് 35 പേരുമായി ഷോർട്ട് വീൽ ബസിൽ ശീതളകാലാവസ്ഥയ്ക്ക് പ്രശസ്തമായ നെല്ലിയാമ്പതിയിലേക്കുള്ള യാത്ര ആരംഭിച്ചത്. 11 മണിയോടെ നെല്ലിയാമ്പതിയിലെത്തി. ലഘു ഭക്ഷണത്തിന് ശേഷം പാലക്കാട്, വരയാട്ടുമല വ്യൂപോയന്റ്, സീതാർകുണ്ട്, പോത്തുപാറ, കേശവൻപാറ, പോത്തുണ്ടി ഡാം എന്നിവിടങ്ങളിലേക്ക് യാത്ര തിരിച്ചു. വൈകീട്ട് ആറരയോടെ മടങ്ങി രാത്രി 11 മണിയോടെ താമരശ്ശേരിയിൽ തിരിച്ചെത്തി. നാലുനേരത്തെ ഭക്ഷണമുൾപ്പെടെ 1050 രൂപയാണ് ഒരാളുടെ നിരക്ക്.

 ''മൂന്നാറിലേക്കുള്ള വിനോദസഞ്ചാര സർവീസ് ഇനി അടുത്ത ശനിയാഴ്ച പുറപ്പെടും. നെല്ലിയാമ്പതിക്കുള്ളത് ഞായറാഴ്‌ചകളിലോ, മറ്റ് അവധിദിനങ്ങളിലോ ബുക്കിംഗ് പുരോഗതി അനുസരിച്ച് നടത്താനാണ് തീരുമാനം""

പി. ഇ രഞ്ജിത്ത്, താമരശ്ശേരി ട്രാൻസ്‌പോർട്ട് ഓഫീസർ

ബുക്കിംഗിന് 9745481831, 9895218975, 8547640704

 നെല്ലിയാമ്പതി നിരക്ക് - 1050 രൂപ

 മൂന്നാർ നിരക്ക്- 1750