
കോഴിക്കോട്: സിനിമാമേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ സംബന്ധിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തുവിടണമെന്ന് ഡബ്ല്യു.സി.സി അംഗങ്ങൾ ആവശ്യപ്പെട്ടു.
റിപ്പോർട്ട് വെളിച്ചം കാണില്ലെന്ന സൂചന ലഭിച്ചതോടെ കോഴിക്കോട്ട് വനിതാ കമ്മിഷൻ അദ്ധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തിയ സംഘടനാ സാരഥികൾക്ക് നിരാശയായിരുന്നു. ജസ്റ്റിസ് ഹേമയുടേത് അന്വേഷണ കമ്മിഷനല്ല, കമ്മിറ്റിയായതിനാൽ റിപ്പോർട്ട് നിയമസഭയിൽ വയ്ക്കേണ്ടെന്നാണ് മുൻ സാംസ്കാരിക മന്ത്രി പറഞ്ഞതെന്നായിരുന്നു കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവിയുടെ പ്രതികരണം. അതേസമയം, കമ്മിറ്റി റിപ്പോർട്ടിൽ നടപടി സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും അവർ വ്യക്തമാക്കി.
നടിമാരായ പത്മപ്രിയ, പാർവതി തിരുവോത്ത്, ഗായിക സയനോര, തിരക്കഥാകൃത്ത് ദീദി ദമോദരൻ, സംവിധായിക അഞ്ജലി മേനോൻ തുടങ്ങിയവരാണ് വനിതാ കമ്മിഷൻ അദ്ധ്യക്ഷയെ കണ്ടത്. ഇനിയും കാത്തിരിക്കാനാവില്ലെന്നും ജസ്റ്റിസ് ഹേമയുടെ റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്നും മുഴുവൻ പ്രൊഡക്ഷൻ കമ്പനികളിലും സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഗണിക്കാൻ ആഭ്യന്തര പരാതി സമിതി ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
എല്ലാ വാതിലുകളിലും ഇനിയും മുട്ടുമെന്ന് ദീദി ദാമോദരൻ പറഞ്ഞു.റിപ്പോർട്ട് പുറത്തുവിടാനുള്ള ഉത്തരവാദിത്വം സർക്കാർ നിറവേറ്റണമെന്നും റിപ്പോർട്ടിലെ നിർദ്ദേശങ്ങളേക്കാൾ കണ്ടെത്തലുകൾക്ക് പ്രാധാന്യമുണ്ടെന്നും പദ്മപ്രിയ ചൂണ്ടിക്കാട്ടി.
തനിക്ക് നേരിട്ട വിഷമങ്ങൾ കമ്മിറ്റി മുമ്പാകെ പറഞ്ഞതാണെന്ന് പാർവതി തിരുവോത്ത് പറഞ്ഞു. നടിയെ പിന്തുണയ്ക്കുന്നുവെന്ന് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടവർ സ്വന്തം പ്രൊഡക്ഷൻ കമ്പനികളിൽ ഇന്റേണൽ കമ്മിറ്റിയുണ്ടോ എന്നു കൂടി പരിശോധിക്കണം.
നിയമനിർമ്മാണത്തിന് ശുപാർശ
ചെയ്യും: പി.സതീദേവി
സിനിമാരംഗത്തെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നിയമനിർമ്മാണത്തിന് സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി വ്യക്തമാക്കി.
നിർമ്മാണ കമ്പനികൾക്ക് രജിസ്ട്രേഷന് സത്രീസുരക്ഷാ സമിതി വേണമെന്ന് സർക്കാരിനെ ധരിപ്പിക്കും.സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമം അനിവാര്യമാണ്. സ്ത്രീകളുടെ വേതനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കണം. ഡബ്ല്യു.സി.സി ഉന്നയിച്ച വിഷയങ്ങൾ സർക്കാരിനു മുമ്പാകെ അവതരിപ്പിക്കും.
നടിയെ ആക്രമിച്ച ദൃശ്യം കടൽ
കടന്ന വഴിയേ അന്വേഷണം
വിഷ്ണു ദാമോദർ
കൊച്ചി: നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം വിദേശത്തേക്ക് കടത്തിയത് എങ്ങനെയെന്നും എന്തിനെന്നും പ്രത്യേക സംഘം അന്വേഷണം തുടങ്ങി. സംശയമുനയിലുള്ള 'വി.ഐ.പി'യുടെയും നടൻ ദിലീപുമായി അടുപ്പമുള്ളവരുടെയും ഇടപെടലുകളിലേക്ക് തന്നെയാണ് അന്വേഷണം നീളുന്നത്. ഒരു സ്ത്രീയെയും തെരയുന്നുണ്ട്.
വിചാരണ അന്തിമഘട്ടത്തിൽ നിൽക്കെ ഗുരുതര വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറാണ് ഈ നിർണായക വിവരവും കൈമാറിയത്. ലണ്ടനിലുള്ള ആലുവ സ്വദേശിയായ ഷെരീഫാണ് പീഡന ദൃശ്യങ്ങൾ ലണ്ടനിലെ നാലുപേരുടെ പക്കലുണ്ടെന്ന് ഫോണിലൂടെ പറഞ്ഞതെന്നും ബാലചന്ദ്രകുമാർ സൂചിപ്പിച്ചിരുന്നു.
ഫോർട്ടുകൊച്ചിയിലുള്ള ദിലീപിന്റെ സുഹൃത്ത് മുഖേനയാണ് പകർപ്പ് ലണ്ടനിലേക്ക് കടത്തിയത്. ഇതേക്കുറിച്ച് ദിലീപിന് വ്യക്തമായ വിവരമുണ്ട്. ഷെരീഫിന്റെ ഫോൺ കാളിന്റെ വിശദാംശങ്ങളും ശബ്ദസാമ്പിളുകളും പൊലീസിന് നൽകിയെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
അന്വേഷണ സംഘം ശേഖരിച്ച വി.ഐ.പിയുടെ ശബ്ദ സാമ്പിളുകൾ ബാലചന്ദ്രകുമാറിനെ കേൾപ്പിക്കും. ഇതിനു ശേഷം വി.ഐ.പിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ ആറാം പ്രതിയായ ഇയാളെ അറസ്റ്റ് ചെയ്യാനും സാദ്ധ്യതയുണ്ട്. മുൻകൂർ ജാമ്യാപേക്ഷ തീർപ്പായശേഷം ദിലീപിനെ ചോദ്യം ചെയ്താൽ മതിയെന്ന നിലപാടിലാണ് അന്വേഷണസംഘം. നാളെയാണ് ദിലീപിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കുന്നത്.
അതിന് മുമ്പ് ദിലീപിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ മൊബൈൽ ഫോൺ, പെൻഡ്രൈവ്, ഐപാഡ്, ഹാർഡ് ഡിസ്ക് തുടങ്ങിയവയിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കും.
പൾസർ സുനിയുടെ മൊഴിയനുസരിച്ച് കൊച്ചിയിലെ അഭിഭാഷകനെയാണ് ദൃശ്യങ്ങൾ അടങ്ങിയ ഫോൺ ഏൽപ്പിച്ചത്. ഇത് നശിപ്പിച്ചതായി അഭിഭാഷകനും മൊഴി നൽകിയിട്ടുണ്ട്.
മൂന്ന് ടീം, അന്വേഷണം ഊർജിതം
ടീം ഒന്ന്
നടിയെ ആക്രമിച്ച കേസിൽ നിരവധിപ്പേർ വിചാരണ വേളയിൽ കൂറുമാറിതിന് പിന്നിൽ സാമ്പത്തിക ഇടപാടുണ്ടോയെന്ന് പരിശോധിക്കും.
ടീം രണ്ട്
വിദേശത്തും ഗൂഢാലോചന നടന്നെന്ന സൂചനകളിൽ ദിലീപിന്റെ അടുപ്പക്കാരെയും കേസിൽ ഇടപെട്ടെന്ന് സംശയിക്കുന്നവരെയും കേന്ദ്രീകരിച്ച് അന്വേഷണം. ഖത്തർ വ്യവസായിയെക്കുറിച്ചും പരിശോധിക്കും.
ടീം മൂന്ന്
കേസുമായി ബന്ധമുള്ളവരുടെയും ആരോപണം നേരിടുന്നവരുടെയും സാമ്പത്തിക ഇടപാടുകൾ ഈ ടീം തേടും. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഒന്നരക്കോടി വേണ്ടിവരുമെന്ന പരാമർശവും പരിശോധിക്കും.