kovid

കോഴിക്കോട്: ജില്ലയെ വീണ്ടും ഭീതിയിലാക്കി കൊവിഡ് വ്യാപനം. ടി.പി.ആർ 30 ശതമാനം കടന്നതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ഒരാഴ്ചയ്ക്കിടെ ഭയപ്പെടുത്തുന്ന വർദ്ധനവാണ് കൊവിഡ് വ്യാപനതോതിൽ ഉണ്ടായിരിക്കുന്നത്.

ഇന്നലെ 1,643 പേർക്കാണ് കൊവിഡ് ബാധിച്ചത്. 30.65 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സമ്പർക്കത്തിലൂടെ 1, 616 പേർ രോഗികളായി. ഉറവിടം വ്യക്തമല്ലാത്ത 11 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 11 പേർക്കും അഞ്ച് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 5,500 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ഇന്നലെ 415 പേർ കൂടി രോഗമുക്തി നേടി. 10,529 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1,782 പേർ ഉൾപ്പടെ 22,874 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ് . 4,543 പേരാണ് ഇതുവരെ മരിച്ചത്.

കൊവിഡ് വ്യാപനം കടുക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ നിയന്ത്രണം കർശനമാക്കി. ഇന്നലെ മുതൽ ബീച്ചിലും മാളുകളിലും നിയന്ത്രണം ഏർപ്പെടുത്തി. മാസ്ക് ധരിക്കാതെ എത്തിയവർക്കെതിരെ നടപടി സ്വീകരിച്ചു. വരും ദിവസങ്ങളിൽ നടപടി ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. തിരക്ക് കൂടിയാൽ നിയന്ത്രിക്കും. അതേസമയം ഇന്നലെ റോഡുകളിൽ കാര്യമായ തിരക്ക് ഉണ്ടായില്ല. എന്നാൽ കോഴിക്കോട്, ഭട്ട് റോഡ് ബീച്ചുകളിൽ നല്ല തിരക്കായിരുന്നു. ബീച്ച് റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങളുടെ നീണ്ടനിര തന്നെയുണ്ടായിരുന്നു. മിഠായിത്തെരുവിലും സാമാന്യം നല്ല തിരക്ക് അനുഭവപ്പെട്ടു. മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആളുകൾ കുറവായിരുന്നു. ബീച്ചിലേക്കുള്ള പ്രധാന മാർഗമായ സി.എച്ച് . ഓവർ ബ്രിഡ്ജിന് സമീപം പൊലീസ് പരിശോധന നടത്തി.