കുറ്റ്യാടി: ജൈവ കൃഷിയിലൂടെ വിഷരഹിത കുറ്റ്യാടി എന്ന സന്ദേശത്തിലൂന്നി കൃഷിക്കൂട്ടം വാട്സാപ്പ് കൂട്ടായ്മ നടത്തുന്ന കാർഷിക അയൽക്കൂട്ടം പദ്ധതിയുടെ പ്രവർത്തനം ശ്രദ്ധേയമാവുന്നു. കഴിഞ്ഞ നാലു വർഷമായി നടത്തി വരുന്ന പദ്ധതിയിലൂടെ നൂറുകണക്കിനാളുകളിലേക്ക് ജൈവ പച്ചക്കറി കൃഷിയുടെ പ്രാധാന്യം എത്തിക്കാനായതിന്റെ സംതൃപ്തിയിലാണ് കൂട്ടായ്മയുടെ പ്രവർത്തകർ. ജൈവ പച്ചക്കറി കൃഷിയുടെ പ്രോത്സാഹനത്തിനായി കൃഷിക്കൂട്ടം അംഗത്തിന്റെ വീട്ടുമുറ്റത്തൊരുക്കുന്ന പരിപാടിയിൽ പുറമേ നിന്നുള്ളവരെയും എത്തിച്ചു വിത്തു പേക്കറ്റും ഒപ്പം ലഘുലേഖയും നിർദേശവും നൽകുന്നു. നേരത്തെ തെങ്ങിൻ തൈകളും, കുള്ളൻ കവുങ്ങിൻ തൈകളും, നിലമ്പൂർ തേക്കിൻ തൈകളും വിതരണം ചെയ്തിരുന്നു. കൂട്ടായ്മ കർഷകരുടെ വിൽക്കൽ വാങ്ങൽ പ്രക്രിയയും പ്രോത്സാഹിപ്പിക്കുന്നു. ശീതകാല പച്ചക്കറി കൃഷിക്ക് പയർ, കയ്പ്പ, വെണ്ട, പച്ചമുളക്, തക്കാളി, വഴുതന, വെള്ളരി ഉൾപ്പെടെയുള്ള ഒരു പേക്കിന് 200 രൂപയോളം വിലവരുന്ന വിത്തിനങ്ങളാണ് വിതരണം ചെയ്തത്. കൃഷിക്കൂട്ടം ചെയർമാൻ സലീം മുറിച്ചാണ്ടി, സെക്രട്ടറി സലാം മാസ്റ്റർ, കൺവീനർ സി.കെ.കരുണൻ, മോഹൻദാസ് കായക്കൊടി, സലീം കോമത്ത്, സിറാജ് മംഗലശ്ശേരി, ഫാറൂഖ് മംഗലശ്ശേരി, നസീർ അടുക്കത്ത്, മോഹൻദാസ് കായക്കൊടി എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിക്കൂട്ടം വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നത്. അയൽക്കൂട്ടം പദ്ധതിയിലൂടെ കൃഷി ചെയ്യുന്നവരുടെ കൃഷിയിടങ്ങൾ സന്ദർശിക്കുകയും, നല്ല കർഷകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കൂട്ടായ്മയുടെ പ്രവർത്തനത്തിന് കാർഷിക കർഷക ക്ഷേമ വകുപ്പും പ്രോത്സാഹനങ്ങൾ നൽകുന്നു.