കോഴിക്കോട്: വെസ്റ്റ് ഹിൽ ശാന്തിനഗർ കോളനിയിലെ സുനിൽ എന്ന റഫീഖിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി ശാന്തിനഗർ ദ്വാരകയിൽ രതീഷ് (38) അറസ്റ്റിലായി.

ഡിസംബർ 3 ന് രാത്രി കോളനി ബീച്ചിൽ സുഹൃത്തുക്കളൊന്നിച്ച് ഇരിക്കുകയായിരുന്ന സുനിലിനെ മുൻവൈരാഗ്യത്താൽ പ്രതി രതീഷ് കൊടുവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്.

ഒളിവിൽ പോയ പ്രതി പഴയ കൂട്ടുപ്രതികളായ ചിലരുടെ സഹായത്തോടെ തിരുവനന്തപുരത്ത് ഒളിവിൽ കഴിയുകയായിരുന്നു. പൊലീസ് തിരുവനന്തപുരത്ത് എത്തിയതറിഞ്ഞ് രഹസ്യമായി തമിഴ്‌നാട്ടിലേക്ക് കടന്നു. പൊലീസ് തമിഴ്‌നാട്ടിലേക്കും എത്തിയതോടെ കോഴിക്കോട്ടേക്ക് മടങ്ങി. റെയിൽവേ സ്‌റ്റേഷനിൽ വെച്ചാണ് പ്രതി അന്വേഷണസംഘത്തിന്റെ പിടിയിലായത്.
പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയതോടെ കുറ്റകൃത്യത്തിനുപയോഗിച്ച ആയുധം കണ്ടെടുത്തു.

പ്രതിയുടെ പേരിൽ തിരുവനന്തപുരം ജില്ലയിലെ നേമം, പൂജപ്പുര സ്റ്റേഷനുകളിലായി വധശ്രമത്തിനും വീടുകയറി ആക്രമണം, കവർച്ച തുടങ്ങിയവയ്ക്കുമായി നിരവധി കേസ്സുകൾ നിലവിലുണ്ട്.

വെള്ളയിൽ ഇൻസ്‌പെക്ടർ ജി.ഗോപകുമാർ, എസ്.ഐ സനീഷ്.യു, എ.എസ്.ഐ ദീപുകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ നവീൻ.എൻ, സി പി ഒ മാരായ ജയചന്ദ്രൻ.എം, പ്രസാദ്.കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.