കോഴിക്കോട്: ഉത്തർപ്രദേശിൽ യോഗി സർക്കാർ തിരിച്ചുവരില്ലെന്ന് ഖോരക്പൂർ ബി.ആർ.ഡി മെഡിക്കൽ കോളേജ് അസി. പ്രൊഫസറായിരുന്ന ഡോ. കഫീൽഖാൻ പറഞ്ഞു.

ബി.ജെ.പി അധികാരത്തിൽ വന്നാൽതന്നെ യോഗി ആദിത്യനാഥായിരിക്കില്ല സാരഥി. ജയസാദ്ധ്യതയില്ലെന്നു കണ്ടാണ് യോഗി സുരക്ഷിതമണ്ഡലം തേടി പോകുന്നതെന്നും "ദ ഖോരക്പൂർ ഹോസ്പിറ്റൽ ട്രാജഡി" പുസ്തകപ്രകാശന ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

പുസ്തകം എം.കെ. രാഘവൻ എം.പി പ്രകാശനം ചെയ്തു. ഡോ. കഫീൽ ഖാനെ ഒറ്റപ്പെടുത്തില്ലെന്നും നിരവധി പേർ ഇതുപോലെ നീതി നിഷേധിക്കപ്പെട്ടവരായുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോ. എം.കെ. മുനീർ എം.എൽ.എയും സംസാരിച്ചു. കാലിക്കറ്റ് പ്രസ് ക്ലബ് ഹാളിൽ ഒരുക്കിയ ചടങ്ങിൽ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നഹാസ് മാള അദ്ധ്യക്ഷത വഹിച്ചു.