1

പേരാമ്പ്ര: മലയോരത്തെ മിക്ക റോഡുകളിലും മാലിന്യം കുന്നുകൂടുകയാണ്. പലേടത്തും സ്ഥാപിച്ച മിനി എം.സി.എഫ് (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) അവഗണിക്കപ്പെടുകയാണ്. ഇത് കാരണം പരിസരം മാലിന്യ കൂമ്പാരമായി മാറുന്നു. ചീഞ്ഞഴുകിയ മാലിന്യ കെട്ടുകൾ ആരോഗ്യത്തിന് ഭീഷണി ഉയർത്തുന്നുണ്ടെന്ന് പരാതി ഉയർന്നിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപമുയർന്നു. മലയോരത്തെ പല ദീർഘദൂര പാതകളിലും സ്ഥാപിച്ച മിനി എം.സി.എഫിന് പുറത്താണ് പലരും മാലിന്യം തള്ളുന്നത്. രാത്രികാലങ്ങളിൽ മാലിന്യങ്ങൾ ചാക്കുകെട്ടുകളിലും പ്ലാസ്റ്റിക് സഞ്ചികളിലുമായി മിനി എം.സി.എഫ് പരിസരത്ത് തള്ളുന്നതും പതിവാണ്. മാലിന്യമുക്ത പദ്ധതികൾ പലേടത്തും കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം. മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ പ്രാപ്തരാക്കുന്നതിന് വേണ്ടി ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന

ശുചിത്വ മിഷൻ പദ്ധതി മലയോരത്തെ മിക്ക പഞ്ചായത്തുകളിലും കാര്യക്ഷമമല്ല. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിതകർമ്മസേന പ്രവർത്തകർ ശേഖരിക്കുന്ന അജൈവമാലിന്യങ്ങൾ നിക്ഷേപിക്കാൻ വേണ്ടിലക്ഷങ്ങൾ ചെലവഴിച്ച് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മിനി എം.സി.എഫ് പലതും ഇപ്പോൾ നോക്ക് കുത്തിയാണ്. ഇതിന്റെ നിർമ്മാണത്തിലെ അപാകത കാരണം മിക്ക സ്ഥലങ്ങളിലും ഉപയോഗിക്കാനും സാധിക്കുന്നില്ല. മുപ്പത്തി എട്ടായിരത്തിൽപരം രൂപയാണ് പല കൂടിന്റെയും അടങ്കൽ തുക

ഹരിത സേനയുടെ പ്രവർത്തനം പലേടത്തും കാര്യക്ഷമമല്ലെന്നും പരാതി ഉയരുന്നുണ്ട്.

 നിർദ്ദേശങ്ങൾ

 ഗ്രാമപ്രദേശങ്ങളിൽ ആധുനിക മാലിന്യ സംസ്ക്കരണ പ്ലാന്റുകൾ സ്ഥാപിക്കുക

അംഗങ്ങളുടെ എണ്ണം വർധിപ്പിച്ചും മതിയായ വേതനം നൽകിയും

ഹരിത കർമ്മസേനയുടെ പ്രവർത്തനം കാര്യക്ഷമാക്കുക

എല്ലാ തെരുവുകളിലും വഴിവിളക്കുകൾ സ്ഥാപിക്കുക

 പ്രധാന കേന്ദ്രങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുക.

 പ്ലാസ്റ്റിക് ഖരമാലിന്യങ്ങൾ വീടുകളിൽ നിന്നും സമയ ബന്ധിതമായി നീക്കം ചെയ്യുക

 ഗ്രാമനഗര ഭേദമില്ലാതെ മാലിന്യം പെരുകി ആരോഗ്യ ഭീഷണി ഉയർത്തുകയാണ്. ആധുനിക ശാസ്ത്രീയ രീതികൾ ഉപയോഗിച്ച് പെരുകുന്ന മാലിന്യം സംസ്കരിക്കാൻ അധികൃതർ സംവിധാനം ഒരുക്കണം എം.പി പ്രകാശ് (സാമൂഹ്യ പ്രവർത്തകൻ)