കൽപ്പറ്റ: ജില്ലയിൽ ഒമിക്രോൺ ഉൾപ്പെടെ കൊവിഡ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.സക്കീന അറിയിച്ചു. ജില്ലയിൽ ഒമിക്രോൺ കേസുകൾ അഞ്ചായി. പ്രതിദിന കൊവിഡ് കേസുകൾ കൂടിവരികയാണ്.
ഈ സാഹചര്യത്തിൽ ആൾക്കൂട്ടങ്ങൾ പരമാവധി കുറയ്ക്കണം. സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനം. പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നവർ എൻ 95 മാസ്‌കോ, ഡബിൾ മാസ്‌കോ ധരിക്കണം. പനിയും മറ്റ് രോഗലക്ഷണങ്ങളുമുള്ളവർ പൊതുയിടങ്ങളിൽ ഇറങ്ങരുത്. ആരോഗ്യ പ്രവർത്തകരുടെ നിർദേശമനുസരിച്ച് പരിശോധന നടത്തേണ്ടതാണെന്നും ഡി എം ഒ വ്യക്തമാക്കി.
ഒമിക്രോണിൺ അതിവേഗം പടരും. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം, പനി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങളില്ലാതെയും ഒമിക്രോൺ വൻതോതിൽ പടരാം. നിശബ്ദ വ്യാപനത്തിനുള്ള ഒമിക്രോണിന്റെ സാധ്യത കണക്കിലെടുത്ത് എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കണം.
കൊവിഡ് കേസുകൾ കൂടുകയും ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. ഒരുമിച്ച് ധാരാളം കേസുകൾ ഉണ്ടായാൽ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണവും കൂടും. ആരോഗ്യ പ്രവർത്തകർക്കും ഒരുമിച്ച് രോഗം വരാതിരിക്കാൻ കരുതൽ വേണം.
പ്രമേഹം തുടങ്ങിയ അനുബന്ധ രോഗങ്ങളുള്ളവർ രോഗ നിയന്ത്രണം ഉറപ്പ് വരുത്തണം. പ്രായമായവർക്കും ഗുരുതര രോഗമുള്ളവർക്കും ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർക്കും കൊവിഡ് ബാധിച്ചാൽ ഗുരുതരമാകും. അതിനാൽ യാത്രകളും ആൾക്കൂട്ടവും ഒഴിവാക്കണം. ആശുപത്രി സന്ദർശനം പരമാവധി കുറച്ച് ഇസഞ്ജീവനി സേവനങ്ങൾ പ്രയോജനപ്പെടുത്തണം. കൊവിഡ് ഒരിക്കൽ വന്നവർക്ക് വീണ്ടും പോസിറ്റീവാകുന്ന സാധ്യതയാണുള്ളത്. ജില്ലയിൽ നിലനിൽക്കുന്ന ഗുരുതര സാഹചര്യം കണക്കിലെടുത്ത് എല്ലാവരും പ്രതിരോധത്തിന് പ്രാധാന്യം നൽകണമെന്നും ഡി.എം.ഒ അഭ്യർത്ഥിച്ചു.