
മുക്കം: മുക്കത്തുകാർക്ക് നഗരസൗന്ദര്യവത്കരണം "വെളുക്കാൻ തേച്ച് പാണ്ടായ" അവസ്ഥയാണ്. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നടത്തുന്ന റോഡുപണി അവസാനിക്കാത്തതാണ് മുഖ്യ പ്രശ്നം. മാസങ്ങളായി തുടരുന്ന പ്രവൃത്തി അനന്തമായി തുടരുകയാണ്. ഡ്രെയ്നേജും കലുങ്കും നിർമ്മിക്കുന്ന പ്രവൃത്തി മാത്രമാണ് നടക്കുന്നത്. അതാകട്ടെ ഒരിടത്തും പൂർത്തിയാകുന്നുമില്ല. കടകളിൽ കയറാനും ഇറങ്ങാനുമെല്ലാം അഭ്യാസമറിയേണ്ട അവസ്ഥയാണ്. കാൽനടക്കാർക്ക് സഞ്ചരിക്കാനും വലിയ ബുദ്ധിമുട്ടാണ്. ശ്രദ്ധ ഒന്നു തെറ്റിയാൽ ഡ്രെയിനേജിൽ കിടക്കും.
ഗതാഗത കുരുക്കുമൂലം വാഹനമോടിക്കാനും പ്രയാസം. ഇതിനെല്ലാം പുറമെ പൊടിശല്യവും. നഗരത്തിൽ സൗന്ദര്യവത്കരണം നടക്കുമ്പോൾ തന്നെ നഗരത്തിലൂടെ കടന്നുപോകുന്ന സംസ്ഥാന പാതയുടെ നവീകരണ പ്രവൃത്തിയും നടക്കുന്നുണ്ട്. അവിടെയും ഡ്രെയ്നേജ് നിർമ്മാണവും കലുങ്കുകളുടെ നിർമ്മാണവുമാണ് നടക്കുന്നത്. അതും മന്ദഗതിയിൽ. ഡ്രെയ്നേജ് റോഡിന്റെ അതിർത്തിയിൽ നിന്ന് മാറി റോഡിലേയ്ക്ക് ഇറക്കി നിർമ്മിക്കുന്നതും കെട്ടിടങ്ങൾക്കു മുന്നിലെത്തുമ്പോൾ വളഞ്ഞും തിരിഞ്ഞും പോകുന്നതും പരാതിക്ക് ഇടയായിട്ടുണ്ട്. റോഡിൽ ആവശ്യത്തിന് ഉയരമുള്ള ഭാഗങ്ങളിൽ വീണ്ടും ഉയർത്തി ഡ്രെയ്നേജ് പണിയുന്നതും വ്യാപാരികൾക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. ഡ്രെയ്നേജ് ഉയരം കൂട്ടിയ ഭാഗങ്ങളിൽ അതിനൊപ്പം റോഡ് ഉയർത്താത്തതാണ് മറ്റൊരു പ്രശ്നം. നഗര സൗന്ദര്യവത്കരണ പ്രവൃത്തി സമയബന്ധിതമായി തീർക്കുക, സംസ്ഥാന പാത നവീകരണം വേഗത്തിലാക്കുക, റോഡിന്റെ അതിർത്തി കണ്ടെത്തി ഡ്രെയ്നേജ് അതിർത്തിയിലേയ്ക്ക് മാറ്റുക, നവീകരണത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയ ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ ഉടൻ പുനർനിർമ്മിക്കുക തുടങ്ങിയവയാണ് പൊതുജനം ഉന്നയിക്കുന്ന ആവശ്യങ്ങൾ.