കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ റിസോർട്ടുകളിലെ സ്വിമ്മിങ് പൂളുകൾ, സ്പാകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം രണ്ടാഴ്ചത്തേക്ക് വിലക്കിയതായി ജില്ലാ കലക്ടർ അറിയിച്ചു.
വ്യാപാര സ്ഥാപനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം
കൽപ്പറ്റ: ഒമിക്രോൺ വകഭേദം ഉൾപ്പെടെ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും റിസോർട്ടുകളും കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടർ എ.ഗീത നിർദ്ദേശം നൽകി. കലക്ടറുടെ ചേംബറിൽ വിളിച്ചു ചേർത്ത വ്യാപാരി പ്രതിനിധികളുടെ യോഗത്തിലാണ് രോഗവ്യാപനം കുറയ്ക്കാൻ സ്വയം നിയന്ത്രണങ്ങൾ പാലിക്കാൻ കലക്ടർ നിർദ്ദേശം നൽകിയത്.
കടകളിൽ ആൾക്കൂട്ടം കുറയ്ക്കുക, ഓൺലൈൻ വ്യാപാരം പ്രോത്സാഹിപ്പിക്കുക, മാസ്‌ക്ക്, സാനിറ്റൈസർ ഉപയോഗവും ലഭ്യതയും ഉറപ്പാക്കുക, ചെറിയ ലക്ഷണങ്ങളുള്ള തൊഴിലാളികളെ കടകളിൽ നിന്ന് താത്ക്കാലികമായി മാറ്റിനിർത്തുക, ആൾക്കൂട്ടം ഉണ്ടാകാൻ കാരണമാകും വിധം കടകളിൽ ഓഫറുകൾ പ്രഖ്യാപിക്കാതിരിക്കുക, ഓഫറുകൾ ഓൺലൈൻ വ്യാപാരങ്ങൾക്കായി പരിമിതപ്പെടുത്തുക തുടങ്ങിയ നിർദ്ദേശങ്ങൾ കലക്ടർ മുന്നോട്ടുവെച്ചു.
യോഗത്തിൽ എ.ഡി.എം ഷാജു എൻ.ഐ, വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, കേരള ഹോട്ടൽസ് ആൻഡ് റെസ്‌റ്റോറന്റ്സ് അസോസിയേഷൻ, ഹാറ്റ്സ് തുടങ്ങിയവയുടെ പ്രതിനിധികൾ പങ്കെടുത്തു.