photo
കരുമല അങ്ങാടിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള നാട്ട് മാവ്

ബാലുശ്ശേരി: കൊയിലാണ്ടി -എടവണ്ണപ്പാറ സംസ്ഥാനപാത കടന്നുപോകുന്ന കരുമല അങ്ങാടിയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു മാവുണ്ട്. റോഡ് വികസനത്തോടെ ഈ മാവ് ഓർമ്മയാവും. നാടിന്റെ വളർച്ചയ്ക്ക് എന്നും മൂകസാക്ഷിയായ ഈ മുത്തശ്ശി മാവിനെ യാത്രയാക്കുമ്പോൾ പ്രദേശത്തുകാരുടെ തൊണ്ട ഇടറുകയാണ്.

"ഞങ്ങൾക്കും മുൻ തലമുറകൾക്കും ഒരുപാട് തണലൊരുക്കിയിട്ടുണ്ട്, മാമ്പഴവും ഏറെ തന്നു. ചുളിവുവീണ വേരുകളിലിരുന്ന് ഞങ്ങളും അപ്പനപ്പൂപ്പന്മാരും ഒരുപാട് കഥകൾ പറയുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്. എത്രയോ മദ്ധ്യസ്ഥങ്ങൾക്ക് സാക്ഷിയായി. ഇണക്കങ്ങളും പിണക്കങ്ങളും രാഷ്ട്രീയ സംവാദങ്ങളും നടന്നു. എത്രയെത്ര ഉത്സവങ്ങൾ കണ്ടു. കരുമല ശ്രീ മഹാദേവ - ദേവീക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തരെല്ലാം അങ്ങയുടെ തലോടൽ ഏൽക്കാതെ പോയിട്ടുണ്ടാവില്ല. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ഇല പൊഴിയൽ കാണുമ്പോൾ തളിർക്കാനാണെന്ന് കരുതും. എന്നാൽ മുൻ വർഷത്തേക്കാൾ പൂത്തുലഞ്ഞു നിൽക്കുന്നതായിരുന്നു കാഴ്ച. ഇത്തവണയും നിറയെ പൂത്തു കിടക്കുകയാണ്. പക്ഷെ, കായ്ക്കുന്നതിന് മുമ്പെ മഴുവീഴും. സംസ്ഥാനപാത വികസനവുമായി ബന്ധപ്പെട്ട് റോഡിന്റെ ഓരങ്ങളിലെ ഏറെക്കുറെ മരങ്ങളും മുറിച്ചു കഴിഞ്ഞു.