സുൽത്താൻ ബത്തേരി: കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് ടീം കരസ്ഥമാക്കി. മാള കാർമ്മൽ കോളേജിനെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.
മാള കാർമ്മൽ കോളേജ് എടുത്ത 110 റൺസിന്റെ വിജയലക്ഷ്യം രണ്ട് ഓവർ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ സെന്റ്‌മേരീസ് വിജയം കൈവരിക്കുകയായിരുന്നു. ഫൈനലിലെ മികച്ച താരമായി സെന്റ്‌മേരീസിലെ തന്നെ സി.കെ.നന്ദന തെരഞ്ഞെടുക്കപ്പെട്ടു.വിജയികൾക്ക് വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ടി.ആർ.ബാലകൃഷ്ണൻ ട്രോഫികൾ നൽകി. സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ ജോൺമത്തായി നൂറനാൽ,ഡോ.ജെയിംസ് ജോസഫ്, പ്രൊഫ.വിൽസൺ എന്നിവർ സംസാരിച്ചു.
യൂണിവേഴ്സിറ്റി ക്രിക്കറ്റ് ടീമിലേക്കുള്ള സെലക്ഷൻ ക്യാമ്പിലേക്ക് സെന്റ് മേരീസ് കോളേജിലെ പത്ത് കുട്ടികൾക്ക് അവസരവും ലഭിച്ചു. വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലുള്ള കൃഷ്ണഗിരി അക്കാദമിയിൽ പരിശിലനവും കോളേജിലെ മികച്ച അടിസ്ഥാന സൗകര്യവും പിന്തുണയുമാണ് വിജയത്തിന് അടിസ്ഥാനമെന്ന് ടീം അംഗങ്ങൾ പറഞ്ഞു.
യൂണിവേഴ്സിറ്റി വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിലും സെന്റ് മേരീസ് കോളേജാണ് ചാമ്പ്യന്മാർ. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് കീഴടക്കിയാണ് ചാപ്യൻഷിപ്പ് നേടിയത്.ടീമിലെ നാല് പേർക്ക് യൂണിവേഴ്സിറ്റി ടീമിലേക്ക് സെലക്ഷൻ ലഭിച്ചു.
പ്രിൻസിപ്പൽ ജോൺ മത്തായി നൂറനാൽ, ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടർ കെ.വി.ഹരീഷ്, വനിതാ ക്രിക്കറ്റ് ടീം കോച്ച് ദിപ്തി, ടീം ക്യാപ്റ്റൻ നിത്യ ലൂർദ് എന്നിവർ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഫോട്ടോ--ക്രിക്കറ്റ്
കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാക്രിക്കറ്റിൽ ചാമ്പ്യന്മാരായ ബത്തേരി സെന്റ് മേരീസ് കോളേജ് ടീമിന് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ടി.ആർ.ബാലകൃഷ്ണൻ ട്രോഫി നൽകുന്നു