കൽപ്പറ്റ: ഇതര ജില്ലകളിലും, മെട്രോ നഗരങ്ങളിലും സ്ഥിരസാന്നിദ്ധ്യമായ ഗുണ്ടാക്വട്ടേഷൻ സംഘങ്ങളുടെ പ്രവർത്തനങ്ങൾ വയനാട്ടിലും ഉണ്ടാവുന്നത് ജില്ലയിലെ ജനങ്ങളെ പേടിപ്പെടുത്തുന്നതാണെന്ന് എ.ഐ.വൈ.എഫ്. സംസ്ഥാനത്തെ മറ്റു ജില്ലകളിൽ ദിനംപ്രതി ക്വട്ടേഷൻ സംഘകളുമായി ബന്ധപ്പെട്ട അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും വയനാട് ജില്ല വ്യത്യസ്തമായിരുന്നു. എന്നാൽ അടുത്ത ദിവസങ്ങളിലായി ജില്ലയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നത് ആശങ്കയോടെയാണ് ജനങ്ങൾ കാണുന്നത്. വെള്ളമുണ്ടയിലെയും പടിഞ്ഞാറത്തറയിലെയും, അവസാനം മുട്ടിൽ കൊളവയലിലെയും വാർത്തകൾ വിരൽ ചൂണ്ടുന്നത് ഇത്തരം മാഫിയകൾ വയനാട്ടിലും ചുവടുറപ്പിക്കുകയാണെന്നാണ്. ഇത്തരം സംഘങ്ങളെ അമർച്ച ചെയ്യാൻ പൊലീസ് സേന കൂടുതൽ കാര്യക്ഷമമായി ഇടപെടൽ നടത്തണമെന്ന് എ.ഐ.വൈ.എഫ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.