000
സി.ആർ.സിയുടെ പുതിയ കെട്ടിടം കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാർ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഇനി പരസഹായം വേണ്ട, ഭിന്നശേഷി സൗഹൃദ കേന്ദ്രം യാഥാർത്ഥ്യമായി. കോഴിക്കോട് പുതുതായി പണിത സി. ആർ.സി സെന്ററിന്റെ ഉദ്ഘാടനം കേന്ദ്ര സാമൂഹികനീതി-ശാക്തീകരണ മന്ത്രി ഡോ.വീരേന്ദ്ര കുമാർ ഓൺലൈൻ വഴി നിർവഹിച്ചു. ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനും മുഖ്യധാരാവത്ക്കരണത്തിനും പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ഡോ.വീരേന്ദ്ര കുമാർ പറഞ്ഞു.കേന്ദ്ര സഹമന്ത്രിമാരായ എ.നാരായണസ്വാമി, പ്രതിമ ഭൗമിക്, രാംദാസ് അതാവാലെ, വി.മുരളീധരൻ, സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു, എം.കെ.രാഘവൻ എം.പി തുടങ്ങിയവർ സംസാരിച്ചു. നിചികേത് റാവത്ത് സ്വാഗതവും ഡോ. റോഷൻ ബിജിലി നന്ദിയും പറഞ്ഞു. ഭിന്നശേഷിക്കാർക്ക് പരസഹായമില്ലാതെ എത്താൻ കഴിയുംവിധം രൂപകല്പന ചെയ്ത കെട്ടിടത്തിൽ ടാക്റ്റൈൽ ടൈൽ, ബ്രെയ്ലി ബോർഡുകൾ, റാമ്പുകൾ, ഹാൻഡ് റെയിൽ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ താഴെ നിലയിൽ ഒക്യുപേഷണൽ തെറാപ്പി, ഫിസിയോതെറാപ്പി, പ്രത്യേക വിദ്യാഭ്യാസം, പ്രോസ്‌തെറ്റിക്, ഓർത്തോട്ടിക്‌സ് യൂണിറ്റുകൾ, വൊക്കേഷണൽ റീഹാബിലിറ്റേഷൻ ആൻഡ് ട്രെയിനിംഗ്, റീഹാബിലിറ്റേഷൻ, വിശാലമായ ഹാൾ, സമ്പൂർണ ക്രോസ് ഡിസെബിലിറ്റി ഏർലി ഇന്റർവെൻഷൻ സെന്റർ എന്നിവ ഇവിടെ പ്രവർത്തിക്കും. ഒന്നാം നിലയിൽ ക്ലിനിക്കൽ സൈക്കോളജി, സ്പീച്ച് തെറാപ്പി ആൻഡ് ഓഡിയോളജി വിഭാഗങ്ങൾ, കോൺഫറൻസ് ഹാൾ, ഓഡിറ്റോറിയം, ലൈബ്രറി, ക്ലാസ് മുറികൾ എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്.