പുൽപ്പള്ളി: ഇമ്പമുള്ള സ്വരവുമായി തോണിക്കാരൻ. പെരിക്കല്ലൂർ കടവിലെ സെൽവനാണ് അറിയപ്പെടാത്ത ഈ ഗായകൻ. ചെറുപ്പം മുതൽ യേശുദാസിന്റെ ഗാനങ്ങളെ പ്രണയിക്കുന്ന ഈ ഗായകന്റെ ഓരോ ഗാനവും മനോഹരമാണ്.
പെരിക്കല്ലൂരിൽ കഴിഞ്ഞ 20 വർഷമായി തോണി കടത്തുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളിയാണ് സെൽവൻ. ചെറുപ്പം മുതൽ പാട്ടിനെ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ഇദ്ദേഹം. തോണിയിൽ ആളുകളെ അക്കരെയിക്കരെ കടത്തുമ്പോഴും യാത്ര ചെയ്യുന്നവർക്ക്‌ ഇദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കാൻ സാധിക്കും. പ്രാദേശികമായ ഗാനമേളകളിലും മറ്റും ഇദ്ദേഹം പാടാറുണ്ട്. യേശുദാസിന്റെ മെലഡി ഗാനങ്ങളോടാണ് കൂടുതൽ ഇഷ്ടം. ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും സംഗീതത്തെ പ്രണയിക്കുകയാണ് സെൽവൻ.

പെരിക്കല്ലൂർ കടവിൽ ആളുകളെ തോണിയിൽ കടത്തുന്നത് കർണാടക വിലക്കിയിരിക്കുകയാണ്. കൊവിഡിനെത്തുടർന്നാണ് ജലഗതാഗതം നിരോധിച്ചത്. മുമ്പ് മണൽ തൊഴിലാളിയായിരുന്നു സെൽവൻ. കബനിയിൽ മണൽ വാരലിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ്‌ തോണി സർവ്വീസുമായി എത്തിയത്.
(ഫോട്ടോ)