പുൽപ്പള്ളി: ബീവറേജ് ഔട്ട്ലറ്റുകളിൽ ഒരു കൗണ്ടർ മാത്രമായതോടെ തൊഴിലാളികൾക്ക് അമിതജോലിഭാരവും കൗണ്ടറുകൾക്ക് മുന്നിൽ നീളുന്ന ക്യൂവും. പുൽപ്പള്ളി, അമ്പലവയൽ, പനമരം എന്നിവിടങ്ങളിൽ ബീവറേജ് ഔട്ട്ലറ്റുകളിൽ ഏറെ നാളായി ഒരു കൗണ്ടറിലൂടെ മാത്രമാണ് വിൽപ്പന.
സുരക്ഷാ ജീവനക്കാരെ പിരിച്ചുവിടുകയും ജീവനക്കാരുടെ എണ്ണം ഒൻപതിൽ നിന്ന് അഞ്ചായി കുറയ്ക്കുകയും ചെയ്തതോടെ മൂന്ന് സ്ഥലങ്ങളിലും പ്രീമിയം കൗണ്ടർ അടച്ചു. ജീവനക്കാരില്ലാത്തതിനാൽ രണ്ട് കൗണ്ടറുകൾ ഒന്നിച്ച് തുറക്കാൻ പറ്റാത്ത അവസ്ഥയാണ്.
വൈകുന്നേരമാകുന്നതോടെ എല്ലായിടത്തും വലിയ തിരക്കാണ്. എംപ്ലായ്മെന്റ്, കെഎസ്ആർടിസി എന്നിവിടങ്ങളിൽ നിന്നുള്ള നിയമനം ഉടൻ നടക്കുമെന്നാണ് സൂചന. എന്നാൽ ഒഴിവുകൾ എപ്പോൾ നികത്തുമെന്ന് ഒരറിയിപ്പും ഇതുവരെ ലഭിച്ചിട്ടുമില്ല. ഓരോ ഔട്ട്ലറ്റിലും 20 ലക്ഷം രൂപയുടെ മദ്യം ദിവസവും വിൽക്കുന്നുണ്ട്.