കോഴിക്കോട്: ഞെളിയൻപറമ്പിൽ എത്തിച്ചുവരുന്ന പ്ലാസ്റ്റിക് അടക്കമുള്ള അജൈവമാലിന്യങ്ങൾ തത്കാലത്തേക്ക് വെസ്റ്റ്ഹിൽ റീസൈക്ലിംഗ് പ്ലാന്റിലേക്ക് മാറ്റും. ഇന്നലെ മേയർ ഡോ. ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിലാണ് തീരുമാനം.

ഞെളിയൻപറമ്പിൽ മാലിന്യങ്ങൾ കുന്നുകൂടുന്നുവെന്ന ആരോപണം ശക്തമായിരുന്നു. പ്രതിപക്ഷ നേതാക്കൾ പ്രദേശം സന്ദർശിച്ച് പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചതുമാണ്. അതിനിടെയാണ് അജൈവമാലിന്യങ്ങൾ ഞെളിയൻപറമ്പിൽ എത്തിക്കുന്നത് ഒഴിവാക്കി താത്കാലികമായി വെസ്റ്റ്ഹിൽ റീസൈക്ലിംഗ് പ്ലാന്റിലേക്ക് കൊണ്ടുപോവാൻ തീരുമാനിച്ചത്. നെല്ലിക്കോട് ആരംഭിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തനം തുടങ്ങുംവരെയാണിത്.

മാലിന്യത്തിൽ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന നിർദ്ദിഷ്ട പ്ലാന്റിന് ഞെളിയൻപറമ്പിലെ സ്ഥലം കൈമാറുന്നതിന്റെ ഭാഗമായാണ് മാലിന്യനീക്കം വെസ്റ്റ്ഹില്ലിലേക്ക് മാറ്റുന്നതെന്ന് യോഗത്തിൽ വ്യക്തമാക്കി. പ്ലാന്റ് പണി പെട്ടെന്ന് തുടങ്ങും.

അതേസമയം, മാലിന്യം നിക്ഷേപ കേന്ദ്രത്തിന്റെ നടത്തിപ്പ് നിറവ് വേങ്ങേരിയെ ഏല്പിച്ച കരാർ റദ്ദാക്കി. നിറവ് ഇരുപത് ദിവസത്തിനകം ഞെളിയൻപറമ്പിൽ നിലവിലുള്ള പ്ലാസ്റ്റിക് മാലിന്യം നീക്കും. മറ്റൊരു ഏജൻസിയുമായി കരാറിലെത്തുന്നതിന് നടപടി സ്വീകരിക്കാൻ ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ ഡോ.എസ്.ജയശ്രീയെയും സെക്രട്ടറി കെ.യു.ബിനിയെയും കൗൺസിൽ ചുമതലപ്പെടുത്തി.

മാനാഞ്ചിറ സ്‌ക്വയർ ആംഫി തിയേറ്റർ പരിപാടികൾക്കായി വൈകിട്ട് മൂന്നു മുതൽ എട്ടു വരെ വിട്ടു കൊടുക്കാൻ തീരുമാനിച്ചു. ഇതിന് നിശ്ചിതഫീസ് ഈടാക്കും. രാഷ്ട്രീയ, മത ചിഹ്നങ്ങളോ കൊടികളോ അനുവദിക്കില്ല. പാനീയങ്ങളും ഭക്ഷണവും അനുവദിനീയമല്ല.

 പ്രതിപക്ഷമില്ലാതെ

ഓൺലൈൻ യോഗം

ഓൺലൈൻ കൗൺസിൽ യോഗത്തിൽ അടിയന്തിരപ്രമേയം, ശ്രദ്ധക്ഷണിക്കൽ
എന്നിവയ്ക്ക് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ കൗൺസിലിൽ പങ്കെടുത്തില്ല. കൊവിഡ് മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ടി.റെനീഷ് കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ ബി.ജെ.പിയും യോഗം ബഹിഷ്കരിച്ചു.

കുടുംബശ്രീ തിരഞ്ഞെടുപ്പിൽ 200 പേർ പങ്കെടുമ്പോഴാണ് 75 പേരുള്ള കൗൺസിൽ മാറ്റുന്നതെന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. പ്രമേയങ്ങളടക്കം ഒഴിവാക്കാൻ തീരുമാനിച്ച കാര്യം മുമ്പുതന്നെ അറിയിച്ചതാണെന്ന് മേയർ വ്യക്തമാക്കി.