img20220118
കെ.എം.സി.ടി.പോളിടെക്‌നിക് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയപ്പോൾ

കള്ളൻതോട്: കെ.എം.സി.ടി. പോളിടെക്‌നിക് കോളേജിൽ അദ്ധ്യാപകരുടെ നിസ്സഹകരണത്തെ തുടർന്ന് വിദ്യാർത്ഥികൾക്ക് ഇന്നലെ പൊതുപരീക്ഷ മണിക്കൂറുകളോളം അനിശ്ചിതത്വത്തിലായി. രാവിലെ നിശ്ചയിച്ച പരീക്ഷ പിന്നീട് ഉച്ചയ്ക്ക് ശേഷമാണ് നടന്നത്. അദ്ധ്യാപകർക്ക് ഏഴു മാസമായി ശമ്പളം ലഭിക്കാത്തതായിരുന്ന നിസ്സഹകരണ സമരത്തിനു കാരണം.

രാവിലെ പരീക്ഷ മുടങ്ങിയതോടെ തന്നെ എസ്.എഫ്.ഐ നേതൃത്വത്തിൽ സമരം തുടങ്ങി. തുടർന്ന് മുക്കം സി.ഐ യുടെ സാന്നിദ്ധ്യത്തിൽ ഇരു വിഭാഗവുമായി നടത്തിയ ചർച്ചയിലുണ്ടായ ധാരണപ്രകാരം ഉച്ചയ്ക്കു ശേഷം പരീക്ഷ നടത്തി.

അദ്ധ്യാപകരുടെ ശമ്പളപ്രശ്നം സി.ഐ.യുടെ സാന്നിദ്ധ്യത്തിൽ വ്യാഴാഴ്ച ചർച്ച ചെയ്ത് തീരുമാനിക്കാമെന്ന ഉറപ്പിലാണ് അദ്ധ്യാപകർ പരീക്ഷാഡ്യൂട്ടിയ്ക്ക് തയ്യാറായത്. എസ്.എഫ്.ഐ തിരുവമ്പാടി ഏരിയാ സെക്രട്ടറി ജോസഫ് വി.സോജൻ, പ്രസിഡന്റ് മുഹമ്മദ് ഫാരിസ്, ജോയിന്റ് സെക്രട്ടറി ദിൽഷാദ് പരപ്പിൽ, കെ.ജെ.സായൂജ്, ആദർശ് പൊറ്റശ്ശേരി എന്നിവർ സമരത്തിന് നേതൃത്വം നൽകി.