കൽപ്പറ്റ: ജില്ലയിൽ 15 നും 18 നും ഇടയ്ക്ക് പ്രായമുള്ള 86.4 ശതമാനം കുട്ടികൾക്ക് കൊവിഡ് വാക്സിൻ നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന പറഞ്ഞു. ഇതുവരെ ആകെ 25327 കുട്ടികൾക്കാണ് വാക്സിൻ നൽകിയത്. ജില്ലയിൽ ജനുവരി മൂന്നിനാണ് കുട്ടികളുടെ വാക്സിനേഷൻ ആരംഭിച്ചത്. 16 ദിവസം കൊണ്ടാണ് ഇത്രയും കുട്ടികൾക്ക് വാക്സിൻ നൽകാൻ സാധിച്ചതെന്നും ഇത് സംസ്ഥാനതലത്തിൽ തന്നെ ഒന്നാമതാണെന്നും ഡി.എം.ഒ വ്യക്തമാക്കി.
ജില്ലയിൽ 14 ശതമാനത്തോളം കുട്ടികൾ മാത്രമാണ് ഇനി വാക്സിൻ എടുക്കാനുളളത്.
സംസ്ഥാന സർക്കാറിന്റെ മാർഗനിർദ്ദേശാനുസരിച്ച് ഒരു സ്‌കൂളിൽ അഞ്ഞൂറിലധികം കുട്ടികൾ വാക്സിൻ എടുക്കാനുണ്ടെങ്കിൽ മാത്രമേ പ്രത്യേക ക്യാമ്പുകൾ നടത്തേണ്ടതുളളു. ജില്ലയിലെ ഒരു സ്‌കൂളിലും ഈ സാഹചര്യമില്ലാത്തതിനാൽ വാക്സിനെടുക്കാൻ അവശേഷിക്കുന്നവരെ കണ്ടെത്തി അദ്ധ്യാപകരുടെയും ആരോഗ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ ഇവരെ തൊട്ടടുത്തുളള വാക്സിനേഷൻ കേന്ദ്രത്തിൽ എത്തിച്ച് വാക്സിൻ നൽകുന്നതിനുളള ക്രമീകരണമാണ് ആരോഗ്യ വകുപ്പ് ഒരുക്കിയിരിക്കുന്നത്.
ജില്ലയിൽ 7582 പേർക്ക് ഇതുവരെ കരുതൽ ഡോസ് വാക്സിൻ നൽകി. ആരോഗ്യ പ്രവർത്തകർ, കൊവിഡ് മുന്നണി പോരാളികൾ, അറുപത് വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ വാക്സിൻ നൽകിയത്. 18 വയസിന് മുകളിൽ വാക്സിൻ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിനും 88 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും നൽകി.
798 പേർക്ക് കൂടി കൊവിഡ്
ടി.പി.ആർ 31.79
ജില്ലയിൽ ഇന്നലെ 798 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 128 പേർ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 31.79 ആണ്. 26 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 793 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 3 പേർക്കും രോഗം സ്ഥിരീകരിച്ചു.
ജില്ലയിൽ രണ്ട് ആക്ടീവ് കൊവിഡ് ക്ലസ്റ്ററാണ് ഉളളത്. പൂക്കോട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റി, പുൽപ്പള്ളി പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ക്ലസ്റ്റർ രൂപപ്പെട്ടത്.
ഇതോടെ ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 139378 ആയി. 135514 പേർ രോഗമുക്തരായി. നിലവിൽ 2307 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 2183 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.
759 കൊവിഡ് മരണം ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 1701 പേർ ഉൾപ്പെടെ ആകെ 14527 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിന്ന് 1637 സാമ്പിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചു.