കോഴിക്കോട്: കടലവിറ്റ് സ്വരുക്കൂട്ടിയ കാശുമായി സ്‌കേറ്റിംഗിൽ രാജ്യം ചുറ്റാനൊരുങ്ങുകയാണ് കോഴിക്കോട്ടുകാരൻ മധു. കന്യാകുമാരി മുതൽ കാശ്മീർ വരെ സ്കേറ്റിംഗ് ബോർഡിലൊരു യാത്ര 19 കാരന്റെ വലിയ സ്വപ്‌നമായിരുന്നു. കോഴിക്കോട് ബീച്ചിൽ കടലവിറ്റ് നടന്ന കാലത്ത് മനസിലുദിച്ച സ്വപ്‌നം അടുത്തമാസം പൂവണിയിക്കാനാണ് തീരുമാനം. കൊവിഡ് വില്ലനായി യാത്ര മുടങ്ങുമോയെന്ന ചെറിയ പേടിയുണ്ട്. എങ്കിലും യാത്രയ്ക്കായുള്ള കഠിന പരിശീലനത്തിലാണ് ഈ ചെറുപ്പക്കാരൻ.
കോഴിക്കോട് കക്കോടിമുക്ക് മാമ്പറ്റത്താഴം മഹേഷിന്റെയും ബേബിയുടെയും മകനാണ് മധു. വർഷങ്ങളായി മഹേഷിന് ബീച്ചിൽ ഐസ് ഒരതി കച്ചവടമാണ്. ഭാര്യ ബേബിക്ക് കടലക്കച്ചവടവും. കടൽതീരത്തായിരുന്നു മധുവിന്റെ ബാല്യം. 12ാം വയസിൽ ബീച്ചിലെത്തിയെ ഒരു അറബി അച്ഛന് സമ്മാനിച്ച സ്‌കേറ്റിംഗ് ബോർഡാണ് ജീവിതം വഴി തിരിച്ചുവിട്ടത്. ബീച്ച് റോഡിൽ തുടങ്ങിയ കറക്കം കേരളം ചുറ്റുന്നതു വരെയെത്തി. അതിനുള്ള പണം സ്വരൂപിച്ചതും ബീച്ചിൽ കടലവിറ്റ്. കാസർകോട് നിന്ന് തിരുവനന്തപുരത്തെത്തിയപ്പോൾ മുഖ്യമന്ത്രിയെ കാണാൻ അവസരം കിട്ടി. ഒളിമ്പിക്‌സിൽ ഇടംതേടിയ സ്‌കേറ്റിംഗിന് കേരളത്തിൽ ഒരു അക്കാഡമി സ്ഥാപിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയോടുള്ള മധുവിന്റെ ആവശ്യം. പരിഗണിക്കാമെന്ന മറുപടിയും കിട്ടി.
കേരളം ചുറ്റിയതിൽ നിന്നുകിട്ടിയ ഊർജമാണ് ഇന്ത്യാ പര്യടനത്തിന് പ്രേരണയായത്. കന്യാകുമാരി നിന്ന് കാശ്മീർ വരെയാണ് യാത്രയെങ്കിലും എല്ലാ സംസ്ഥാനങ്ങളിലും പോകണം, ഓരോ ദേശത്തെയും സംസ്‌കാരവും ജീവിതവും അറിയണം... സ്‌കേറ്റിംഗ് യാത്ര തലയ്ക്കുപിടിച്ച് പ്ലസ്ടുവിൽ പഠനം നിർത്തിയ മധുവിന്റെ മോഹങ്ങൾ പറപറക്കുകയാണ്.