കൊയിലാണ്ടി: ജില്ലയിലെ പല പ്രദേശങ്ങളും കൊടിയവരൾച്ചയിലാണെങ്കിലും കുളങ്ങളും ചിറകളും മാലിന്യവും പാഴ്ച്ചെടികളും നിറഞ്ഞ നിലയിൽ. നീരൊഴുക്കുകളെ ഉപയോഗപ്പെടുത്തിയും കുളങ്ങളെയും ചിറകളെയും പ്രയോജനപ്പെടുത്തി വരൾച്ചയെ മറികടക്കാൻ കഴിയണമെന്ന് നഗരസഭ പറയുമ്പോഴാണ് ജലസ്രോതസ്സുകളും സംഭരണ ഇടങ്ങളും നശിക്കുന്നത്.

ആനക്കുളം, ഇരട്ടച്ചിറ, താനിക്കുളം, ഉൾപ്പെടെ ചെറുതും വലുതുമായ നിരവധി കുളങ്ങളാണ് മാലിന്യവും മറ്റു നിറഞ്ഞ് നശിക്കുന്നത്. ഇവ ശുചീകരിക്കാൻ ഇടപെടലുകളൊന്നും ഉണ്ടായിട്ടില്ല ആകെ സംരക്ഷിക്കാൻ ശ്രമം നടന്നത് കൊല്ലം ചിറ മാത്രമാണ്. നഗരസഭയിൽ അരീക്കുന്ന് കോളനി, തീരപ്രദേശം, കുറുവങ്ങാട്, കാക്രാട്ട് കുന്ന്, മരുതൂർ, കാവും വട്ടം തുടങ്ങിയ പ്രദേശങ്ങളിലാണ് കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നത്. നിലവിൽ നഗരസഭയിലെ നാല്പത്തി നാല് ഡിവിഷനുകളിലും കുളങ്ങളും ജലാശയങ്ങളും ഉണ്ട്. ഇവ സംരക്ഷിക്കേണ്ട പ്രാഥമിക ഉത്തരവാദിത്തം ജനപ്രതിനിധികൾക്കാണന്നും അതിന് ആരും തയ്യാറാകുന്നില്ലെന്നും അധികൃതർ പറയുന്നു. സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി വാർഡ് സഭയുടെ നേതൃത്വത്തിൽ കുളങ്ങളിലെ പാഴ്ചെടികളും ചെളിയും നീക്കം ചെയ്താൽ കുടിവെള്ളക്ഷാമം ഒരു പരിധി വരെ പരിഹരിക്കാൻ സാധിക്കും. നഗര സഭ ഈ വർഷത്തെ ബജറ്റിൽ വിവിധ പദ്ധതികൾക്കായി 60 ലക്ഷം രൂപയാണ് നീക്കിവെച്ചത്. എല്ലാ വർഷവും ജല സന്ദേശ യാത്രയും ജലസഭയും നടത്താറുണ്ടെങ്കിലും ജലവിഭവത്തെ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നാണ് തീരദേശ ജനങ്ങൾ ആവശ്യപ്പെടുന്നത്.