മാനന്തവാടി: കൊവിഡ് വ്യാപനത്തെ തുടർന് നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോഴും വയനാട് മെഡിക്കൽ കോളേജിലെ ഒ പി ടിക്കറ്റ് കൗണ്ടറിന് മുന്നിൽ നീണ്ടനിര.

സാമൂഹ്യം അകലം പാലിക്കാനാവാതെ നിരവധി ആളുകളാണ് ഒ പി ടിക്കറ്റ് കൗണ്ടറിന് മുന്നിൽ മണിക്കൂറുകളോളം കാത്ത് നിൽക്കേണ്ടി വരുന്നത്. ഇതിൽ കൂടുതലും പ്രായമായ ആളുകളുമാണ്. ഒ പികളിൽ പരിശോധന സമയം ഒരു മണി വരെയാണ്. എന്നാൽ തിരക്കുള്ള ദിവസങ്ങളിൽ ഒരു മണിക്കും ടിക്കറ്റുകൾ കൊടുത്ത് കഴിയാറില്ല. ജനുവരി ഒന്ന് മുതൽ ടിക്കറ്റ് കൗണ്ടറിൽ കമ്പ്യൂട്ടർവൽക്കരണം ഏർപ്പെടുത്തിയിരുന്നു. ഇതിൽ ഉണ്ടാകുന്ന സാങ്കേതിക പ്രശനങ്ങളും ശീട്ടു നൽകാൻ കാലതാമസത്തിന് ഇടയാക്കുന്നുണ്ട്.

അതേസമയം കൗണ്ടറുകളിൽ ആവശ്യത്തിന് ജിവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും ചികിത്സ തേടി എത്തുന്നവരുടെ എണ്ണം വർദ്ധിച്ചതാണ് തിരക്ക് വർദ്ധിക്കുവാൻ കാരണമെന്നുമാണ് അധികൃതർ പറയുന്നത്. എന്നാൽ കമ്പ്യുട്ടർ പരിജ്ഞാനമില്ലാത്തവരുടെ അഭാവമാണ് കാലതാമസത്തിന് ഇടയാക്കുന്നതെന്നും പരാതികൾ ഉയരുന്നു.