കൽപ്പറ്റ: പരിസ്ഥിതിക്ക് ദോഷം വരുന്നില്ലെങ്കിൽ മേപ്പാടി തുരങ്കപാതയെ എതിർക്കില്ലെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും കൽപ്പറ്റ എം.എൽ.എയുമായ ടി.സിദ്ദിഖ് പറഞ്ഞു. പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിലുള്ള റിപ്പോർട്ടാണ് വരുന്നതെങ്കിൽ വികസനത്തിന് മുൻതൂക്കം നൽകിക്കൊണ്ട് മേപ്പാടി കള്ളാടി ആനക്കാംപൊയിൽ തുരങ്ക പാതയെ എതിർക്കില്ലെന്ന് സിദ്ദിഖ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
വയനാടിനെ സംബന്ധിച്ച് വികസന കാര്യത്തിൽ പ്രധാന ആവശ്യമാണ് തുരങ്കപാത. പാരിസ്ഥിതിക പ്രശ്നമില്ലെങ്കിൽ തുരങ്ക പാതയെ എതിർക്കേണ്ട ആവശ്യമില്ല.
പദ്ധതിക്ക് ആവശ്യമായ കാര്യങ്ങൾ സർക്കാർ തലത്തിൽ പൂർത്തീകരിച്ച് മുന്നോട്ട് പോകുമ്പോൾ അതിനെതിരായ സമീപനം സ്വീകരിക്കില്ലെന്നാണ് പാർട്ടി നിലപാട്.
എന്നാൽ കെ റെയിൽ സംബന്ധിച്ച് പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ പദ്ധതിയെ എതിർത്ത് രംഗത്തെത്തിയത് ശ്രദ്ധയിൽപെടുത്തിയപ്പോൾ പരിസ്ഥിതി വിരുദ്ധമാണെങ്കിൽ മാത്രമാണ് പാർട്ടി അത്തരം നിലപാട് സ്വീകരിക്കുക എന്ന് സിദ്ധീഖ് പറഞ്ഞു.