കോഴിക്കോട് : കൊവിഡ് രോഗബാധ പടരുന്നത് തടയുന്നതിനായി കൂടുതൽ പരിശോധനകൾ നടത്തുന്നതിനും മുമ്പുണ്ടായിരുന്നത് പോലെ ആന്റിജൻ പരിശോധനകൾ നടത്തുന്നതിനും കോർപ്പറേഷൻ തീരുമാനിച്ചു.

മാറിയ സാഹചര്യത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ചേർന്ന യോഗമാണ് പുതിയ നടപടികൾ തീരുമാനിച്ചത്. കൂടുതൽ രോഗികളെ ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടി വന്നാലുള്ള സാഹചര്യം ഉണ്ടാവുകയാണെങ്കിൽ നിലവിലുള്ള സർക്കാർ ആശുപത്രികളിൽ ഒരുക്കിയ സജ്ജീകരണങ്ങൾ വിലിയരുത്തി. സർക്കാർ ആശുപത്രികളിലെ 70 ശതമാനം കിടക്കകൾ നിറയുന്ന സ്ഥിതിയുണ്ടാവുകയാണെങ്കിൽ മാത്രം സ്വകാര്യ ആശുപത്രികളിലെ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുകയുള്ളൂ. വാർഡ് ആർ.ആർ.ടി പ്രവർത്തനം ഊർജ്ജിതമാക്കി.

ആവശ്യമായ ആന്റിജൻ കിറ്റുകൾ ലഭ്യമാക്കുന്നതിനായി സർക്കാറിനോട് ആവശ്യപ്പെടും.

നഗരത്തിലെ ഹോസ്റ്റലുകളിലുള്ള കൊവിഡ് രോഗബാധിതരെ താമസിപ്പിക്കുന്നതിന് ഹോസ്റ്റൽ അധികൃതരുടെ സ്വന്തം ഉത്തരവാദിത്വത്തിൽ ഹോസ്റ്റലുകളിൽ തന്നെ ഒരു പ്രത്യേക ഭാഗം മാറ്റിവെച്ച് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തണം. കാരപ്പറമ്പ് ഹോമിയോ കോളേജിൽ പുതുതായി എസ്.എൽ.ടി.സി തുടങ്ങും. വിദേശത്തു നിന്നെത്തുന്നവരുടെ ക്വാറന്റൈൻ മോണിറ്ററിംഗ് വാർഡ് ആർ.ആർ.ടിയുടെയും പ്രാദേശിക കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെയും സഹകരണത്തോടെ നടപ്പാക്കും. ടെസ്റ്റ് കിറ്റുകൾ മെഡിക്കൽ ഷോപ്പുകൾ വാങ്ങി പരിശോധന നടത്തുന്നവർ രോഗികൾ ആയാൽ എവിടെയും രേഖപ്പെടുത്താതെ പോവുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ടെസ്റ്റ് കിറ്റുകൾ വാങ്ങുന്നവരുടെ പേരും മൊബൈൽ നമ്പറും രേഖപ്പെടുത്തിയ രജിസ്റ്റർ സൂക്ഷിക്കുന്നതിനും രജിസ്റ്റർ ഹെൽത്ത് സർക്കിൾ ഓഫീസിൽ ലഭ്യമാക്കുന്നതിനും മെഡിക്കൽ ഷോപ്പുകൾക്ക് നിർദ്ദേശം നൽകുന്നതിന് തീരുമാനിച്ചു. കൊവിഡ് പരിശോധന നടത്തുന്ന പ്രൈവറ്റ് ലാബുകൾ രോഗികളുടെ വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പേരും വാർഡ് നമ്പറും കൃത്യമായി രേഖപ്പെടുത്തുന്നതിന് നിർദ്ദേശം നൽകും. ആശാ വർക്കർമാരുടെ സേവനം ഉപയോഗപ്പെടുത്തും. കോർപ്പറേഷൻ പരിധിയിലെ ഹോസ്പിറ്റലുകളുടെ യോഗം വിളിക്കും.കോമോർബിഡിറ്റി ഉള്ളവർ, വാക്‌സിനേഷൻ എടുക്കാൻ കഴിയാത്തവർ എന്നവരെ വാർഡ് സമിതികൾ, വാർഡ് ആർ.ആർ.ടികൾ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേകം മോണിറ്ററിംഗ് ചെയ്യുന്നതിന് തീരുമാനിച്ചു.

മേയർ ഡോ.എം.ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ.തേജ് ലോഹിത് റെഡ്ഡി , സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ ഡോ.എസ്.ജയശ്രീ, ഒ.പി.ഷിജിന, പി.സി.രാജൻ,പി.കെ.നാസർ, കൃഷ്ണകുമാരി, കൗൺസിലർമാരായ കെ.സി.ശോഭിത, കെ.മൊയ്തീൻ കോയ, എസ്.എം.തുഷാര, ഒ.സദാശിവൻ, സെക്രട്ടറി കെ.യു.ബിനി, ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആമോസ് മാമ്മൻ, ഡി.എം.ഒ തുടങ്ങിയവർ പങ്കെടുത്തു.