സുൽത്താൻ ബത്തേരി: ബത്തേരി പട്ടണത്തോട്‌ ചേർന്ന സത്രം കുന്നിലെ ജനവാസകേന്ദ്രത്തിൽ തുടർച്ചയായി കടുവയുടെ സാന്നിദ്ധ്യം കണ്ടതോടെ പ്രദേശവാസികൾ ഭീതിയിലായി. കഴിഞ്ഞ രണ്ട് ദിവസവും പകൽ സമയത്താണ് കടുവയെ കണ്ടത്. സത്രം കുന്നിലെ രാംദാസിന്റെ വീടിനോട്‌ ചേർന്ന സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലും റോഡിലുമാണ് കടുവയെ കണ്ടത്.
ജനവാസകേന്ദ്രത്തിൽ കടുവയെ കണ്ടതോടെ വിവരം വനം വകുപ്പിനെ അറിയിച്ചു. കുറിച്ച്യാട് റെയിഞ്ചിൽ നിന്നുള്ള വനംവകുപ്പ് ജീവനക്കാർ കുപ്പാടി ഫോറസ്റ്റ്‌ സ്റ്റേഷൻ ഡെപ്യുട്ടി റെയിഞ്ചർ സത്യനാഥന്റെ നേതൃത്വത്തിൽ ആർആർടി അംഗങ്ങളും സ്ഥലത്തെത്തി പടക്കം പെട്ടിച്ചും മറ്റും കടുവയെ വനത്തിലേക്ക് കയറ്റിവിട്ടു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കടുവ എത്തിയതായി സംശയിക്കുന്നു. രാത്രി സമയങ്ങളിൽ നായ്ക്കളും പശുക്കൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളും ഭയന്ന് അസാധാരണ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇത് കടുവയെ കണ്ടിട്ടാകാമെന്ന് നാട്ടുകാർ പറഞ്ഞിരുന്നെങ്കിലും വനം വകുപ്പ് മറ്റും കാര്യമായെടുത്തില്ല. കഴിഞ്ഞ ദിവസം കടുവ തോട്ടത്തിൽ കിടക്കുന്നത് കണ്ടതോടെയാണ് കടുവ ഇവിടെ സ്ഥിരമായി എത്തുന്നതായി വ്യക്തമായത്.
സത്രംകുന്ന്, കട്ടയാട്, കൈവട്ടാമൂല, ബീനാച്ചി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കടുവ ശല്യം രൂക്ഷമാണ്.

പ്രദേശത്തെ കാട് പിടിച്ചു കിടക്കുന്ന തോട്ടങ്ങളിലാണ് കടുവയുടെ കേന്ദ്രം. ഇവിടങ്ങളിലെ നിരവധി കർഷകരുടെ വളർത്തുമൃഗങ്ങളെ കടുവ പിടികൂടിയിരുന്നു.