സുൽത്താൻ ബത്തേരി: ജില്ലാ ഒളിമ്പിക് ഗെയിമിന്റെ ഭാഗമായുള്ള ഫുട്‌ബോൾ ടൂർണമെന്റ് ഇന്ന് വൈകുന്നേരം നാല് മണിക്ക് അമ്പലവയൽ ഗവൺമെന്റ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ തുടങ്ങുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പത്ത് ദിവസം നീണ്ടുനിൽക്കുന്ന മൽസരത്തിൽ യോഗ്യത റൗണ്ട് മൽസരങ്ങളിൽ വിജയികളായ 10 ടീമുകളാണ് മൽസരിക്കുന്നത്. വയനാട് യുനൈറ്റഡ് എഫ്സി പിണങ്ങോട്, ഡൈന അമ്പലവയൽ, ഫ്രണ്ട്‌ലൈൻ ബത്തേരി, സ്‌പൈസസ് മുട്ടിൽ, ഫാൽക്കൻസ് കൽപ്പറ്റ, ടിഎസ്എ മീനങ്ങാടി, മഹാത്മ പഞ്ചാരക്കൊല്ലി, ഡബ്ല്യുഎംഒ മുട്ടിൽ, എഎഫ്സി അമ്പലവയൽ,നോവ അരപ്പറ്റ എന്നീ ടീമുകളാണ് മൽസരിക്കുന്നത്.
എഎഫ്സി അമ്പലവയലും ഡബ്ല്യുഎംഒ മുട്ടിലും തമ്മിലാണ് ഉദ്ഘാടന മൽസരം. ഒളിമ്പിക് അസോസിയേഷനും ഡൈന ക്ലബ്ബും ചേർന്നാണ് മൽസരം സംഘടിപ്പിക്കുന്നത്.
ടൂർണമെന്റിന്റെ ഉദ്ഘാടനം ബത്തേരിബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാർ നിർവ്വഹിക്കും. അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹഫ്സത്ത് അദ്ധ്യക്ഷത വഹിക്കും. നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ, മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് റഫീഖ്, ജില്ലാ പഞ്ചായത്ത് മെമ്പർ സുരേഷ് താളൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനീഷ്പി.നായർ, എടക്കൽ മോഹനൻ, അമ്പലവയൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷമീർ, നെന്മേനി പഞ്ചായത്ത് മെമ്പർ ബിജു, സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എം.മധു, ഒളിമ്പിക് അസോസിയേഷൻ കൺവീനർ സലീം കടവൻ, ഫുട്‌ബോളർ സുശാന്ത് മാത്യു ജില്ലാകോർഡിനേറ്റർ സാജിത് എന്നിവർ പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ഹഫ്സത്ത്, ഒളിമ്പിക് അസോസിയേഷൻ കൺവീനർ സലീം കടവൻ, ടൂർണമെന്റ് കമ്മറ്റി കൺവീനർ നിശാന്ത് മാത്യു, ഗ്ലോബൽ അമ്പലവയൽ പ്രവാസി ട്രഷറർ അബ്ദുൾ സമദ്, കോർഡിനേറ്റർ അബുബക്കർ എന്നിവർ പങ്കെടുത്തു.