കൊടിയത്തൂർ: പാറക്വാറികൾക്ക് വികസനാനുമതി തേടുന്ന അപേക്ഷ ഇന്ന് വീണ്ടും പഞ്ചായത്തിന്റ് പരിഗണനയ്ക്ക് . തോട്ടുമുക്കം മേഖലയിൽ പ്രവർത്തിക്കുന്ന പാറ ക്വാറികൾക്കും ക്രഷറുകൾക്കും ഉയർന്ന പ്രവർത്തനശേഷിയുള്ള മോട്ടോറുകൾ ഉപയോഗിച്ച് പ്രവർത്തിക്കാൻ അനുമതി തേടുന്ന അപേക്ഷയാണ് ഇന്ന് ചേരുന്ന കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി യോഗത്തിന്റെ പരിഗണനയ്ക്ക് വരുന്നത്. യു.ഡി.എഫും വെൽഫെയർ പാർട്ടിയും ചേർന്നു ഭരിക്കുന്ന പഞ്ചായത്തിൽ ഇതിനു മുമ്പ് ഈ കാര്യം പരിഗണനയ്ക്ക് വന്നപ്പോഴെല്ലാം തീരുമാനമെടുക്കാനാവാതെ മാറ്റി വയ്ക്കുകയായിരുന്നു. ക്വാറി വികസനത്തെ എതിർത്ത് യൂത്ത് കോൺഗ്രസ് ആദ്യമേ രംഗത്തുവന്നു. തുടർന്ന് മുസ്ലിം ലീഗും എതിർപ്പ് അറിയിച്ചു. ഭരണകക്ഷിയിലെ ചില പഞ്ചായത്തംഗങ്ങളും ക്വാറികൾക്ക് അനുമതി നൽകുന്നതിന് എതിർപ്പ് അറിയിച്ചിരുന്നു. പുതിയ ക്വാറികൾ ആരംഭിക്കാൻ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ നിലവിലുള്ള ക്വാറികൾ വികസിപ്പിക്കാൻ അനുമതി തേടി ഉടമകൾ പഞ്ചായത്തിനെ സമീപിച്ചിത്. എന്നാൽ ഭരണകക്ഷിയിലെ എല്ലാവരുടെയും പിന്തുണ ലഭിക്കാത്തതാണ് അനുമതിക്ക് തടസമായി. ഈ സാഹചര്യത്തിലാണ് വിഷയം ഇന്ന് വീണ്ടും പരിഗണനയ്ക്ക് വരുന്നത്.