വടകര: 25 വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അഴിയൂർ ഗ്രാമപഞ്ചായത്തിൽ പൊതുസ്മശാനം യാഥാർത്ഥ്യമാകുന്നു.

കോട്ടാമലക്കുന്ന് റോഡ് തുടങ്ങുന്നതിനടുത്തുള്ള 50 സെന്റ് ഭൂമിയിലാണ് പൊതുശ്മശാനം ഒരുങ്ങുന്നത്. ശ്മശാനത്തിലേക്ക് പോകാനുള്ള റോഡിനായ് സ്ഥലം വിട്ട് നൽകാൻ ഭൂവുടമകൾ തീരുമാനിച്ചതോടെ തടസങ്ങൾ നീങ്ങുകയായിരുന്നു. അഴിയൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സർവ്വകക്ഷികൾ, ഭൂവുടമകൾ എന്നിവരുടെ യോഗത്തിലാണ് ഭൂമി വിട്ട് കൊടുക്കൽ പ്രഖ്യാപനം നടത്തിയത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന അഴിയൂർ പഞ്ചായത്തിൽ ശ്മശാനത്തിന്റെ അഭാവം ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. സ്ഥലംവിട്ടുകൊടുക്കുന്ന ഭൂവുടമകൾക്ക് ജനകീയ കൂട്ടായ്മയിലൂടെ ധനസഹായം അനുവദിക്കാനും യോഗം തീരുമാനിച്ചു. ഇതിനായി വാർഡ് കേന്ദ്രീകരിച്ച് ധനസമാഹരണം നടത്തും.

പരിസ്ഥിതിക്ക് കോട്ടം വരാതെ 30 അടി ഉയരത്തിൽ പുകകുഴൽ സ്ഥാപിച്ച് ആധുനിക സംവിധാനത്തോടെയുളള ശ്മശാനമാണ് ലക്ഷ്യമിടുന്നത് .പരിസ്ഥിതി മന്ത്രാലയത്തിന്റെ യും ഡി.എം.ഒയുടെയും മാർഗനിർദ്ദേശ പ്രകാരമാണ് ഇതിനുളള പ്രവർത്തികൾ നടക്കുക.

ശ്മശാനതിനായി ജില്ലാപഞ്ചായത്ത് 40 ലക്ഷം രൂപയും പഞ്ചായത്ത് 20 ലക്ഷംരൂപയും വകയിരുത്തിയിരുന്നു. അഴിയൂരിൽ 1995-ൽ വന്ന ഭരണസമിതിയാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. അതിനുശേഷം ആറോളം ഭരണസമിതികൾ നിലവിൽ വന്നെങ്കിലും പദ്ധതി ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇതിനിടയിൽ മരണമടഞ്ഞ പലരുടെയും മൃതദേഹം സംസ്കരിക്കാൻ വീടിന്റെ തറ നീക്കിയും മറ്റുളളവരുടെ ഭൂമിയേയും ആശ്രയിക്കേണ്ടി വന്നിരുന്നു.

തീരദേശങ്ങളും ചതുപ്പ് നിലങ്ങളും ഏറെയുളള പഞ്ചായത്തിൽ വീടുകളുടെ എണ്ണം കൂടിയതോടെ ഭൂമിയുടെ അളവും കുറവാണ്.
പഞ്ചായത്ത്‌ പ്രസിഡന്റ് ആയിഷാ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. ശശിധരൻ തോട്ടത്തിൽ, വി.പി ജയൻ ,സുകുമാരൻ കല്ല റോത്ത് , പി ബാബുരാജ് , പ്രദീപ് ചോമ്പാല, പി.എം അശോകൻ, പി പ്രശാന്ത്, കെ അൻവർ ഹാജി, കെ.പി പ്രമോദ്, മുബാസ് കല്ലേരി, കെ വി രാജൻ, കെ രവീന്ദ്രൻ, റീന രയരോത്ത്, കെ ലീല എന്നിവർ സംസാരിച്ചു