news
കുറ്റ്യാടിയിലെ ഏക ഉണക്ക മൽസ്യ കട

കുറ്റ്യാടി: മലയാളിയുടെ തീൻമേശയിലെ പ്രിയ ഭക്ഷണമായ ഉണക്കമീനിന് പ്രിയം കുറയുന്നു. പച്ച മീൻ മാർക്കറ്റിലേക്കാൾ തിരക്ക് ഉണക്ക മൽസ്യവിൽപന കേന്ദ്രങ്ങളിലായിരുന്നെങ്കിൽ ഇന്ന് ഉണക്കമീനിന് ആവശ്യക്കാർ വളരെ കുറവാണ്. ഉണക്കമീൻ കഴിച്ചാൽ രക്തസമ്മർദ്ദം ഉണ്ടാവും എന്ന പ്രചരണവും ഉണക്കമീൻ കഴിക്കുന്നതിൽ നിന്ന് മലയാളിയെ പുറകോട്ടു വലിച്ചു.

മലയാളികളുടെ ജീവിത ശൈലിയിൽ വന്ന മാറ്റം ഉണക്കമീനിന്റെ തലയിൽ കെട്ടി വയ്ക്കുകയായിരുന്നു. അതേ സമയം തൊഴിലാളിക്ഷാമവും മത്സ്യദൗർലഭ്യവും ഉണക്കമീൻ വ്യവസായത്തെ തന്നെ പ്രതിസന്ധിയിലാക്കുകയാണ്.

മത്സ്യലഭ്യത കുറഞ്ഞതും തൊഴിലാളികൾക്ക് തിരിച്ചടിയാകുകയാണ്. വേതനം കുറഞ്ഞു തുടങ്ങിയതോടെ

തൊഴിലാളികൾ മറ്റ് മേഖലകളിലേക്ക് പോകുന്ന സാഹചര്യമാണ്. ഇതോടെ തീരമേഖലയിൽ ഉണക്ക മത്സ്യ സംസ്കരണകേന്ദ്രങ്ങളും കുറഞ്ഞു തുടങ്ങി. ജില്ലയിലെ കടലോരമേഖലയിൽ മുമ്പുണ്ടായിരുന്ന മീൻചാപ്പകളിൽ പലതും ഇന്ന് വിസ്മൃതിയി​ലായി​. പച്ചമീൻ പഴകിയതോ രാസവസ്തുക്കൾ ചേർത്ത് സംസ്കരിച്ചതോ ആണെങ്കിൽ നശിപ്പിക്കാനും കേസ് എടുക്കാനും സർക്കാർ സംവിധാനങ്ങളുണ്ട്. എന്നാൽ ഉണക്കമീനിന്റെ കാര്യത്തിൽ ഇത്തരം ഗുണനിലവാര പരിശോധകളൊന്നുമില്ല. അതുകൊണ്ടുതന്നെ ഗുണനിലവാരമില്ലാത്ത ഉണക്കമീൻ മലയാളിയുടെ തീന്മേശയിൽ എത്താനുള്ള സാദ്ധ്യതയും കൂടുതലാണ്. അന്യസംസ്ഥാനത്തുനിന്ന് വരുന്ന ഉണക്കമീൻ വൃത്തിഹീനമായ സാഹചര്യത്തിൽ സംസ്കരിക്കുന്നതാണെന്ന ആക്ഷേപവും നില നിൽക്കുന്നുണ്ട്. ഭക്ഷ്യമേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കണമെന്ന് സർക്കാർ പറയുമ്പോഴും അവഗണനയിലാണ് കേരളത്തിലെ ഉണക്കമീൻ ചാപ്പകൾ.