കൽപ്പറ്റ: കൽപ്പറ്റ നഗരസഭയ്ക്ക് മുന്നിൽ സി.പി.എം നടത്തിയ സമരം നഗരത്തിലെ കുത്തക മുതലാളിക്ക് വേണ്ടി നടത്തിയ സ്‌പോൺസേർഡ് പ്രോഗ്രാമാണെന്ന് നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് ആരോപിച്ചു. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു എന്ന ആരോപണം വസ്തുതാ വിരുദ്ധമാണ്. ഒരാളെ പോലും ഈ ഭരണസമിതി പിരിച്ചു വിട്ടിട്ടില്ല. വിവിധ ദിവസ വേതന തസ്തികകളിലേക്ക് താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ച ഘട്ടത്തിൽ ഇത് നിലവിലുള്ളവരെ പിരിച്ചു വിടാനാണെന്ന് ചൂണ്ടിക്കാട്ടി താൽക്കാലിക ജീവനക്കാരിൽ നിന്ന് പണപ്പിരിവ് നടത്തി സി.പി.എം നേതാക്കൾ ഹൈക്കോടതിയിൽ കേസിനായി പറഞ്ഞുവിടുകയായിരുന്നു.
കൊവിഡ് ബ്രിഗേഡിലെ ജീവനക്കാരെ കൂട്ടത്തോടെ പരിച്ചു വിട്ടത് സംസ്ഥാന സർക്കാറാണ്. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ നിന്നു മാത്രം 90 ൽ അധികം ജീവനക്കാരെയാണ് ഇങ്ങനെ പിരിച്ചുവിട്ടത്.
കൽപറ്റയിലെ ഒരു സ്വകാര്യ വ്യക്തി അനധികൃതമായി നിർമ്മിക്കുന്ന കെട്ടിടത്തിലേക്ക് വഴിയുണ്ടാക്കാനായി പുതുതായി നിർമ്മിച്ച ഫുട്പാത്ത് തകർത്ത വിഷയത്തിൽ ഇടപെട്ട നഗരസഭാ ഉദ്യോഗസ്ഥരെ സി.പി.എം ഏരിയാ സെക്രട്ടറി അസഭ്യം പറയുകയും, സ്വകാര്യ വ്യക്തിക്കായി ഇടപെടുകയും ചെയ്തു.
ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ പുതിയ പ്രതിസന്ധി സംസ്ഥാന സർക്കാർ ഉണ്ടാക്കിയതാണ്. നേരത്തെ ഗുണഭോക്താക്കൾക്ക് ആനുകൂല്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് ലഭ്യമായിരുന്നതെങ്കിൽ, ഇത് സംസ്ഥാന തലത്തിൽ കേന്ദ്രീകരിക്കാൻ എടുത്ത തീരുമാനമാണ് ലൈഫ് ഭവന പദ്ധതി അവതാളത്തിലാവാൻ കാരണം. നഗരസഭയിൽ ഇതുവരെ കാണാത്ത വികസനപ്രവർത്തനങ്ങളിൽ വിറളിപൂണ്ടാണ് സി.പി.എം ഇപ്പോൾ സമരങ്ങളുമായി ഇറങ്ങിത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ വൈസ് ചെയർപേഴ്സൺ കെ.അജിത, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.ജെ.ഐസക്ക്, എ.പി.മുസ്തഫ, ജൈനാ ജോയി, ഒ.സരോജിനി, കൗൺസിലർ വിനോദ്കുമാർ എന്നിവർ സംബന്ധിച്ചു.