memu
മംഗലാപുരം - കണ്ണൂർ മെമു

കോഴിക്കോട്: മംഗലാപുരം - കണ്ണൂർ - മംഗലാപുരം മെമു ജനുവരി 26 ന് ഓടിത്തുടങ്ങുമെന്ന് ദക്ഷിണ റെയിൽവേ അഡിഷണൽ ജനറൽ മാനേജർ പി.ജെ മല്ല്യ പറഞ്ഞു. പാലക്കാട് റെയിൽവേ ഡിവിഷൻ പരിധിയിലെ എം.പി മാരുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരെത്തെ ഓടിയിരുന്ന മംഗലാപുരം - കണ്ണൂർ - മംഗലാപുരം പാസഞ്ചർ ട്രെയിനിന്റെ സമയമായിരിക്കും മെമുവിന്റേത്. പന്ത്രണ്ടു കോച്ചുകളുമായാണ് സർവീസ്. മറ്റു പാസഞ്ചർ ട്രെയിനുകൾക്കും ബദലായി ഘട്ടംഘട്ടമായി മെമു സർവീസ് ആരംഭിക്കും.

മംഗലാപരത്ത് നിന്ന് രാമേശ്വരത്തേക്ക് സർവീസ് തുടങ്ങുന്ന കാര്യം സജീവപരിഗണനയിലുണ്ട്. കൊവിഡ് വ്യാപനം കുറയുന്നതോടെ സർവീസ് ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ. മംഗലാപുരം - മധുര അമൃത എക്സ്‌പ്രസ് രമേശ്വരം വരെ നീട്ടുന്നതും പരിഗണിക്കും.

കണ്ണൂർ - ബംഗളൂരു ട്രെയിൻ കോഴിക്കോട് വരെ നീട്ടണമെന്ന എം.കെ രാഘവന്റെ ആവശ്യം പരിഗണിക്കാമെന്നും അദ്ദേഹം ഉറപ്പ് നൽകി.

യോഗത്തിൽ എം.പി മാരായ രാജ്മോഹൻ ഉണ്ണിത്താൻ, കെ.മുരളീധരൻ, എം.കെ.രാഘവൻ, ഇ.ടി.മുഹമ്മദ് ബഷീർ, എം.പി.അബ്ദുസമദ് സമദാനി, പി.വി.അബ്ദുൾ വഹാബ്, രമ്യ ഹരിദാസ്, വി.കെ.ശ്രീകണ്ഠൻ, എം.വി.ശ്രേയാംസ്‌കുമാർ എന്നിവർ പങ്കെടുത്തു.