 
കോഴിക്കോട്: നവീകരണത്തിന് 6 കോടി രൂപയുടെ എസ്റ്റിമേറ്റിനു ഒരു വർഷം മുമ്പ് ഭരണാനുമതിയായതാണ്. പക്ഷേ, സാങ്കേതികാനുമതിയ്ക്ക് ഇനിയും 'സാങ്കേതിക" തടസ്സം തീർന്നില്ല. 12 വർഷമായി റീടാറിംഗ് പോലും നടക്കാത്തതുകൊണ്ടു തന്നെ കോഴിക്കോട് - ഊട്ടി ഹ്രസ്വപാതയിൽ മിക്കയിടത്തും പാതാളക്കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.
മലപ്പുറം - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഊട്ടി ഹ്രസ്വപാതയിൽ മാവൂർ മുതൽ കൂളിമാട്, ചെറുവാടി, പന്നിക്കോട് വഴി എരഞ്ഞിമാവ് വരെ ഭാഗങ്ങളിലാണ് നവീകരണം അനിശ്ചിതത്വത്തിൽ നീളുന്നത്. 12 വർഷം മുമ്പാണ് ഇവിടങ്ങളിൽ അവസാനമായി നവീകരണപ്രവൃത്തി പേരിനെങ്കിലും നടന്നത്. പലയിടത്തും റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗർത്തങ്ങളുടെ എണ്ണം കൂടുകയാണ്. ചിലയിടങ്ങളിൽ പാർശ്വഭിത്തിയിടിഞ്ഞ് അപകടരമായ അവസ്ഥയിലായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന ആവലാതിയാണ് നാട്ടുകാരുടേത്.
നിർമ്മാണം പൂർത്തിയാവാറായ എളമരം പാലവും കൂളിമാട് പാലവും തുറക്കുന്നതോടെ ഈ പാതയിൽ വാഹനങ്ങളുടെ ഒഴുക്ക് ഇനിയും കൂടുകയേയുള്ളൂ. റോഡിലെ വീതി കുറഞ്ഞ ഭാഗങ്ങളും വളവുകളും മാറ്റിയെടുത്തെങ്കിൽ മാത്രമെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷ നേടാനാവൂ.
വഴിക്കടവ്, നിലമ്പൂർ, കാളികാവ്, വണ്ടൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ്, കെ.എം.സി.ടി മെഡിക്കൽ കോളേജ്, എം.വി.ആർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, എൻ.ഐ.ടി, സി.ഡബ്ള്യു.ആർ.ഡി.എം, മിൽമ കുന്ദമംഗലം ഡെയറി എന്നിവിടങ്ങളിലേക്കെല്ലാം എളുപ്പത്തിൽ എത്തിച്ചേരാവുന്ന റൂട്ടാണിത്. പക്ഷേ, ആ നിലയിൽ ഒരു പരിഗണനയുമുണ്ടാവുന്നില്ലെന്നു മാത്രം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനോടടുപ്പിച്ചാണ് നവീകരണ പ്രവൃത്തിയ്ക്കായി 6 കോടി രൂപയ്ക്ക് ഭരണാനുമതിയായത്. ഫണ്ട് പാസ്സായെന്നല്ലാതെ തുടർനടപടി അനിശ്ചിതത്വത്തിൽ കുരുങ്ങുകയായിരുന്നു.
ഈ റൂട്ടിലെ പ്രധാന കേന്ദ്രങ്ങളായ പന്നിക്കോട്, ചുള്ളിക്കാപറമ്പ്, കൂളിമാട് ജംഗ്ഷനുകൾ വീതി കൂട്ടി വികസിപ്പിക്കണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. പൊതുമരാമത്ത് മന്ത്രി ഈ വിഷയത്തിൽ ഇടപെട്ടാൽ വികസനം യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
''ചുള്ളിക്കാപറമ്പ് വരെ റി ടാറിംഗിന് ഒരു വർഷം മുമ്പ് 6 കോടി രൂപയുടെ ഭരണാനുമതിയായതാണ്. പൊതുമരാമത്ത് വകുപ്പിൽ നിന്നു സാങ്കേതികാനുമതി കിട്ടാത്തതാണ് പ്രശ്നം. മെഡിക്കൽ കോളേജ് മുതൽ എരഞ്ഞിമാവ് വരെയുള്ള ഭാഗം റീബിൽഡ് കേരളയിൽ ഉൾപ്പെടുത്താൻ ശ്രമം നടക്കുന്നുമുണ്ട് ''.
പി.ടി.എ റഹിം, എം.എൽ.എ