കൽപ്പറ്റ: കാർഷിക മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കർഷകർക്ക് എറ്റവും എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാകുന്ന ഇടമായി കൃഷി ഓഫീസുകൾ മാറണമെന്ന് കാർഷിക വികസന വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ നിർമ്മാണം പൂർത്തിയാക്കിയ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിന്റെ പുതിയ കെട്ടിടം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ മുഴുവൻ കൃഷി ഓഫീസുകളും ഇ ഓഫീസ് സംവിധാനത്തിലേക്ക് മാറ്റും.
വയനാട് ജില്ല തുടങ്ങി വെച്ച കാർബൺ ന്യൂട്രൽ പദ്ധതി സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളും ഏറ്റെടുക്കുകയാണ്. ഈ വർഷം തന്നെ കൃഷിവകുപ്പിന്റെ നിയന്ത്രണത്തിലുളള മുഴുവൻ ഫാമുകളിലും കാർബൺ ന്യൂട്രൽ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് തീവ്രത കുറഞ്ഞ ഉടനെ ജില്ലയിലെത്തി കർഷകരുമായും ജനപ്രധിനിധികളുമായും കാർഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുമായും ആശയവിനിമയം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ടി.സിദ്ധീഖ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഇഓഫീസ് സ്വിച്ച് ഓൺ കർമ്മവും അദ്ദേഹം നിർവ്വഹിച്ചു. എം.വി.ശ്രേയാംസ് കുമാർ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ, കൃഷി വകുപ്പ് ഡയറക്ടർ ടി.വി.സുഭാഷ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ജി.മുരളീധര മേനോൻ, ആത്മ പ്രോജക്ട് ഡയറകടർ വി.കെ.സജിമോൾ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ചെറുവയൽ രാമനെ പൊന്നാട അണിയിച്ചു.