മുക്കം: അറക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടിയത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. പരക്കംപാച്ചിലിനിടെ കുത്തേറ്റ് ഒരാൾക്ക് സാരമല്ലാത്ത പരിക്കേറ്റു.
കൊടിയത്തൂരിനടുത്ത് ഗോതമ്പ് റോഡിൽ നിന്നു വെള്ളിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെ വിരണ്ടോടിയ പോത്തിനെ 7 മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പിടിച്ചുകെട്ടിയത്. വിറളി പിടിച്ച് വാഹനങ്ങൾക്കും ആളുകൾക്കും നേരെ പാഞ്ഞടുക്കുകയായിരുന്നു പോത്ത്. ഓടിമാറി രക്ഷപ്പെടുന്നതിനിനിടയിലാണ് ഒരാൾക്ക് കുത്തേറ്റത്.
മുക്കം ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ ഷംസുദ്ദീൻ, ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ഫയസ് അഗസ്റ്റിൻ, ഫയർ ഓഫീസർമാരായ ജലീൽ, ഷൈബിൻ, ജയേഷ്, ജിതിൻരാജ് എന്നിവരടങ്ങിയ സംഘത്തിന്റെ നേതൃത്വത്തിലാണ് പോത്തിനെ വളഞ്ഞിട്ട് പിടികൂടിയത്.