കോഴിക്കോട്: ട്യൂഷൻ ക്ലാസിൽപോയ പത്താംക്ലാസുകാരിയെ ബസിൽ ആക്രമിക്കാൻ ശ്രമിച്ച ഡ്രൈവർ പിടിയിൽ. മൂഴിക്കൽ-കോഴിക്കോട് റൂട്ടിൽ ഓടുന്ന റാണിയബസ് ഡ്രൈവർ ചേനംകണ്ടിയിൽ ഷമീർ(34)ആണ് കസബ പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് സംഭവമെന്ന് കസബ സി.ഐ.എൻ.പ്രജീഷ് പറഞ്ഞു. മൂഴിക്കലിൽ നിന്നെടുത്ത ബസിൽ ആറരയോടെ ഫാത്തിമ ഹോസ്പിറ്റൽ സ്റ്റോപ്പിൽ നിന്നാണ് കുട്ടി കയറിയത്. രാവിലെ ആയതിനാൽ ഒരാൾ മാത്രമാണ് ബസിലുണ്ടായത്. അവർ മാവൂർ റോഡ് സ്‌റ്റോപ്പിലിറങ്ങി. തുടർന്ന് പെൺകുട്ടിയുമായി മുന്നോട്ട് പോയ ബസ് എം.സി.സി ബാങ്ക് സ്‌റ്റോപ്പിന് സമീപം നിർത്തി. ആദ്യ ട്രിപ്പായതിനാൽ ക്ലീനറോ, കണ്ടക്ടറോ ബസിലുണ്ടായിരുന്നില്ല. ഷട്ടറുകൾ മുഴുവൻ താഴ്ത്തിയിട്ടതിനാൽ കുട്ടിയ്ക്ക് ഇറങ്ങേണ്ട സ്‌റ്റോപ്പും മനസിലായില്ല. ബസ് നിർത്തി ഡ്രൈവർ കുട്ടിയെ കയറിപിടച്ചപ്പോളാണ് അപകടം മനസിലായത്. ഒച്ച വെച്ച കുട്ടി ബസിൽ നിന്നും ഇറങ്ങിയോടി സമീപത്തെ സ്‌കൂളിലെത്തി വിവരം പറഞ്ഞു. തുടർന്ന് സ്‌കൂൾ അധികൃതരുടെ പരാതിയിലാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയതെന്ന് സിഐ പറഞ്ഞു. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാത്രി എട്ടോടെയാണ് ബസിൽവെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ സി.ഐക്ക് പുറമേ എസ്.ഐ.അഭിഷേക്, സീനിയർ സി.പി.ഒ മാരായ ജയന്തി, സുദർമൻ, വിഷ്ണു പ്രഭ എന്നിവർ പങ്കാളികളായി.