കൽപറ്റ: കൊവിഡ് വ്യാപന സാധ്യതയുള്ള എല്ലാ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ അനുമതി നല്കുകയും ആരാധനാലയത്തിനുള്ളിൽ നടക്കുന്ന ചടങ്ങുകൾക്ക് നിരോധനമേർപ്പെടുത്തുകയും ചെയ്ത സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് ക്രിസ്ത്യൻ കൾച്ചറൽ ഫോറം ജില്ലാ കമ്മറ്റി.നാട്ടിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും സൂപ്പർ മാർക്കറ്റുകളും കച്ചവട സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുന്നു. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള വാഹനങ്ങൾ നിറയെ യാത്രക്കാരുമായി യാത്ര നടത്തുന്നതിന് അനുമതിയുണ്ട്. ഹയർ സെക്കൻഡറി സ്‌കൂളുകളും കോളേജുകളും തുടങ്ങി ബാർ ഹോട്ടലുകൾ വരെ തുറന്നു പ്രവർത്തിക്കുകയും രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങളും പൊതുപരിപാടികളും നടക്കുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങളോട് മാത്രം സർക്കാർ ശത്രുതാ മനോഭാവത്തോടെ പെരുമാറുകയാണ്.

നിയന്ത്രണങ്ങൾക്ക് വിധേയമായി വ്യാപനം ഉണ്ടാവാത്ത വിധത്തിൽ സാമൂഹിക അകലം പാലിച്ച് ആരാധനകൾ നടത്താനനുവദിച്ച് പുതിയ ഉത്തരവിറക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ചെയർമാൻ കെ.കെ.ജേക്കബ് അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടരി സാലു അബ്രാഹം മേച്ചേരിൽ, വൈസ് ചെയർമാൻ ജോസ് താഴത്തേൽ, ജോയി, സെക്രട്ടരിമാരായ ലോറൻസ് കല്ലോടി, ഷാജൻ മണിമല, റെജിമോൾ ജോൺ, എൽബി, സെബാസ്റ്റ്യൻ, കെ.എ പുഷ്പ ജോസഫ്, ഷിബു, എന്നിവർ പ്രസംഗിച്ചു.