കോഴിക്കോട്: കെവിഡ് നിയന്ത്രണംവിട്ട് പടരുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയ ഞായറാഴ്ച വിലക്കിൽ നഗരം വിജനം.കഴിഞ്ഞ ഏതാനും മാസങ്ങളായി നിയന്ത്രണങ്ങളെല്ലാം എടുത്തുകളഞ്ഞതിനാൽ ഞായറാഴ്ചകളിൽ നഗരത്തിൽ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. ബീച്ചും മാനാഞ്ചിറയും സരോവരവും മിഠായിത്തെരുവുമെല്ലാം കഴിഞ്ഞ ഞായാറാഴ്ചകളിൽ തിങ്ങി നിറഞ്ഞ അവസ്ഥയായിരുന്നെങ്കിൽ ഇന്നലെ എല്ലായിടവും ശൂന്യമായി. മാദ്ധ്യമപ്രവർത്തകും ആരോഗ്യപ്രവർത്തകരും ആശുപത്രികളിലേക്കും റെയിൽ വേസ്റ്റേഷനുകളിലേക്കും, മരണാനന്തര ചടങ്ങുകളിലേക്കും നേരത്തെ നിശ്ചയിച്ച വിവാഹം പോലുള്ള ചടങ്ങുകളിലേക്കും പോകുന്നവരൊഴിച്ചാൽ ജനം ഭൂരിഭാഗവും വീട്ടിൽതന്നെ കഴിഞ്ഞു.
തിരക്കേറിയ മിഠായെത്തെരുവൊക്കെ ശൂന്യമായിക്കിടന്നു. ഞായറാഴ്ച ചന്തകളും പെട്ടിക്കടകച്ചവടങ്ങളുമെല്ലാം നിശ്ചലമായി. ബീച്ചും വിജനമായി. സ്വകാര്യ ബസുകൾ വിരലിലെണ്ണാവുന്നത് മാത്രമാണ് ഇന്നലെ സർവീസ് നടത്തിയത്. ഓടിയവയിലാവട്ടെ രണ്ടുംമൂന്നും മാത്രമായിരുന്നു യാത്രക്കാർ. കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയെങ്കിലും യാത്രക്കാർ വളരെക്കുറവായിരുന്നു. റെയിൽവേസ്റ്റേഷനിലും മറ്റുമെത്തിയ യാത്രക്കാരായിരുന്നു കെ.എസ്.ആർ.ടി.സിയുടെ പ്രധാന ആശ്രയം. ഞായറാഴ്ച യാത്രയ്ക്ക് യാത്രാരേഖകൾ കർശനമാക്കിയതിനാൽ പൊലീസ് ജാഗരൂകരായി നഗരത്തിലുണ്ടായിരുന്നു. അനാവശ്യമായി നഗരത്തിലിറങ്ങിയവരേയെല്ലാം പിടികൂടി പിഴ ഈടാക്കി.