narendran1
സി.നരേന്ദ്രൻ

കോഴിക്കോട്: കൈലാസം അവസാനയാത്രയ്ക്കെന്ന് കരുതേണ്ട ഇടമല്ല... സത്യത്തിൽ യാത്ര തുടങ്ങാനുള്ള ഇടമാണത്... മലയാളികളെ ഇങ്ങനെ തിരുത്തിയ, തീർത്ഥാടകർക്കെന്ന പോലെ വിനോദസഞ്ചാരികൾക്കും പകരം വെക്കാനില്ലാത്ത അത്താണിയായ വിവേകാനന്ദ നരേന്ദ്രൻ ഓർമ്മയുടെ ഓളങ്ങളിലേക്ക് മറഞ്ഞപ്പോൾ വന്നുപെടുന്നത് വലിയ ശൂന്യത. ചെറിയവരും വലിയവരുമായ സഞ്ചാരപ്രിയർക്കൊക്കെയും തണൽമരമായിരുന്നു അദ്ദേഹം.

സൗഹൃദങ്ങളുടെ വിശാലപ്രപഞ്ചം സൃഷ്ടിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. നിരന്തര യാത്രകൾക്കിടയിലും അടുത്ത ചങ്ങാതിക്കൂട്ടങ്ങളുമായി ഇഴമുറിയാത്ത ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. അതിരുകൾ കല്പിക്കപ്പെടാത്ത ആ സൗഹൃദലോകത്ത് തലമുതിർന്നവർ മുതൽ പുതുമുറക്കാർ വരെ എണ്ണിയാൽ തീരാത്തത്രയയുമുണ്ടാവും.

കാശിയ്ക്കുള്ള യാത്ര ജീവിതസായന്തനത്തിലാണെന്നു ഉറപ്പിച്ച മലയാളികളെ നല്ല കാലത്ത് തന്നെ അവിടം കാണിക്കാൻ വല്ലാത്ത ഉത്സാഹമായിരുന്നു നരേന്ദ്രന്. അവിടെയെത്താത്തവരെ സൗഹൃദ സംഭാഷണങ്ങൾക്കിടയിൽ പലപ്പോഴും നരേന്ദ്രൻ ഓർമിപ്പിച്ചുകൊണ്ടിരുന്നു... ' അങ്ങനെയല്ല നിങ്ങളെല്ലാം നല്ല കാലത്ത് തന്നെ കാശി കാണണം... കാണാനായി ഒരുപാട് ഉളിഞ്ഞുകിടപ്പുണ്ട് അവിടെ....'

കേരളത്തിൽ നിന്നു വിവേകാനന്ദയിലൂടെ കാശിയും ഹിമാലയവും മറ്റും കണ്ടുവന്നവരുടെ എണ്ണം ആയിരക്കണക്കിനു വരും. ഹിമാലയസാനുക്കളിലൂടെ ഏറ്റവും കൂടുതൽ സഞ്ചരിച്ച മലയാളി ഒരു പക്ഷേ നരേന്ദ്രൻ തന്നെയായിരിക്കും.
വിഖ്യാത ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയെപ്പോലും യാത്രാരംഗത്തേക്ക് വഴി തിരിച്ചുവിട്ടതിൽ നിർണായകപങ്കുണ്ട് ഇദ്ദേഹത്തിന്. നടൻ മോഹൻലാൽ, എം.പി.വീരേന്ദ്രകുമാർ തുടങ്ങി കേരളത്തിലെ അറിയപ്പെടുന്ന സഞ്ചാരപ്രിയരുൾപ്പെടെ പതിനായിരങ്ങളെ ഇന്ത്യയങ്ങോളം നടന്നുകാണിക്കുകയായിരുന്നു. 'ഹൈമവതഭൂവിൽ" രചിക്കാൻ വഴിതുറക്കുംവിധം വീരേന്ദ്രകുമാറിനെ ആദ്യം ഹിമാലയത്തിലെത്തിച്ചതും നരേന്ദ്രൻ തന്നെ.

പണമുള്ളവരോടും ഇല്ലാത്തവരോടും അദ്ദേഹം ഒരു പോലെ പെരുമാറി. യാത്രാമോഹവുമായി എത്തുന്നവരിൽ ഒരാളെ പോലും സാമ്പത്തികപ്രശ്നത്തിന്റെ പേരിൽ അദ്ദേഹം മടക്കിയിട്ടില്ല. അത്തരക്കാരുടെ ചെലവ് സ്വന്തം കണക്കിലേക്ക് മാറ്റുകയാണ് പതിവ്. യാത്രയ്ക്കിടെ രാജ്യത്തിന്റെ ഏതു കോണിൽ കുടുങ്ങിക്കിടന്നാലും മലയാളികളുടെ രക്ഷയ്ക്ക് സഹായഹസ്തം നീട്ടാനുമുണ്ടായിരുന്നു നരേന്ദ്രൻ.
പിതാവ് ഡോ.നാരായണൻ നായർ 'വിവേകാനന്ദ'യ്ക്ക് തുടക്കമിട്ടത് കാശിയാത്ര ആഗ്രഹിക്കുന്നവർക്ക് വഴികാട്ടിയെന്നോണമാണ്. ചെറുപ്പത്തിൽ വിദേശത്തായിരുന്ന നരേന്ദ്രൻ പിന്നീട് നാട്ടിലെത്തി അച്ഛന്റെ വഴിയിലേക്ക് തിരിഞ്ഞതോടെ സ്ഥാപനം പടർന്നു പന്തലിച്ചു. കേരളത്തിലെ ആദ്യത്തെ സമ്പൂർണ യാത്രാ മാഗസിൻ 'തീർത്ഥസാരഥി' പിറവിയെടുത്തതും വിവേകാനന്ദയിലൂടെ.
ശബരിമല സീസണായാൽ തീർത്ഥാടകരുമായി നിത്യേന 'വിവേകാനന്ദ' വണ്ടികളുടെ പ്രവാഹമായിരിക്കും. പൊതുവെ ശ്രദ്ധിക്കപ്പെടാതെ കിടന്ന ക്ഷേത്രങ്ങളെ കൂടി ഈ യാത്രാവഴിയിൽ നരേന്ദ്രൻ ഉൾപ്പെടുത്തി. ഇതു പല ക്ഷേത്രങ്ങളുടെയും വളർച്ചയ്ക്ക് നിമിത്തമായി.

ദീർഘദൂര യാത്രക്കാരുടെ മനസ്സ് മാത്രമല്ല നല്ല കേരളീയ ഭക്ഷണം വിളമ്പി അവരുടെ വയറ് നിറയ്ക്കാനും നരേന്ദ്രൻ മറന്നില്ല. ഇതിനായി ഉത്തരേന്ത്യൻ യാത്രകളിലുടനീളം പാചകസംഘത്തെയും ഒപ്പം കൂട്ടി.
കാലത്തിന് മുമ്പേസഞ്ചരിച്ച ഇദ്ദേഹം പുതുയുഗത്തിലെ ടൂർ ഓപ്പറേറ്റർമാർക്കും വഴികാട്ടിയാണ്. നേരിട്ടു പോയി സുരക്ഷിതത്വം ഉറപ്പാക്കാത്ത ഒരിടത്തേക്കും ഇദ്ദേഹം തന്റെ യാത്രികരെ അയച്ചിരുന്നില്ല. കേദാർനാഥ്, ഗംഗോത്രി, നൈനിറ്റാൾ, കാശ്മീർ.... നരേന്ദ്രൻ നടന്ന വഴികളും നയിച്ച വഴികളും ഏറെയാണ്. യാത്രാവണ്ടി പുറപ്പെടുന്നതിന് തൊട്ടുമുമ്പുള്ള ആ വിളി ഇനിയില്ല... ' ഭായി നിങ്ങള് വന്നോളൂ... കാശൊന്നും നോക്കണ്ട...'