 
തലശ്ശേരി: ഇരുന്നൂറ്റമ്പതിലേറെ തവണ ഹിമാലയൻ യാത്ര. അതിൽ ഇരുപതിലേറെയും കൈലാസത്തിലേക്ക്. ആയിരക്കണക്കിന് തീർത്ഥാടകരെ ആത്മീയതയുടെ അനന്ത കലവറയായ ഹിമാലയ സാനുക്കളിലേക്ക് കുറഞ്ഞ ചെലവിൽ എത്തിച്ച വിവേകാനന്ദ ട്രാവൽസ് ഉടമ നരേന്ദ്രനെ സഞ്ചാരികൾക്ക് ഒരിക്കലും മറക്കാനാവില്ല. നന്നെ ചെറുപ്പത്തിൽ തന്നെ ഭാരതപര്യടനത്തിനു ഭാഗ്യം ലഭിച്ച അദ്ദേഹത്തിന് പുരാതന ക്ഷേത്രങ്ങളിലൂടെയും ചരിത്രഭൂമികളിലൂടെയും സഞ്ചരിക്കാൻ കഴിഞ്ഞു. കന്യാകുമാരി മുതൽ ഹിമാലയം വരെ വിവിധ ദേശങ്ങളിലൂടെ അദ്ദേഹം നിരന്തരം സഞ്ചരിക്കുകയായിരുന്നു. യാത്രികരിൽ ദൈവികതയും സന്തോഷവും നിറയ്ക്കുകയായിരുന്നു നരേന്ദ്രൻ. മോക്ഷപദം തേടി ജീവിതത്തിന്റെ നാനാ തുറകളിലുള്ള പതിനായിരക്കണക്കിനു ഭക്തവൃന്ദത്തിന്റെ ദേവ ഭൂമികകളിലേക്കുള്ള യാത്രയിൽ കരുത്തുറ്റ സാരഥിയെന്ന പോലെ അവർക്ക് താങ്ങും തണലുമായി ഒപ്പം നീങ്ങി. ഭാരതത്തിലെ തീർത്ഥാടന - വിനോദ സഞ്ചാര രംഗത്ത് വിവേകാനന്ദയ്ക്ക് വേറിട്ട ഇടം നേടിയെടുക്കാൻ പ്രാപ്തമാക്കിയതും ഈ നേതൃപാടവം തന്നെ. കേരളത്തിലെ അറിയപ്പെടുന്നതും അല്ലാത്തതുമായ ക്ഷേത്രങ്ങളെ കോർത്തിണക്കി മലബാർ ടെമ്പിൾ ടൂറിസം എന്ന ബൃഹദ്പദ്ധതിയുടെ മാസ്റ്റർ പ്ലാനുമായി മുന്നോട്ടുനീങ്ങുന്നതിനിടെയാണ് നിനച്ചിരിക്കാതെ വിടവാങ്ങൽ.