കോഴിക്കോട്: കെ.എസ്.ആർ.ടി.സി കോഴിക്കോട് ടെർമിനലിന് പ്രകടമായ ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയ ചെന്നൈ ഐ.ഐ.ടി സംഘത്തിന്റെ വിലയിരുത്തൽ പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ദ്ധസമിതി ഈ മാസം അവസാനത്തോടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കും. ഐ.ഐ.ടി സംഘം ചൂണ്ടിക്കാണിക്കുന്ന തരത്തിൽ ബഹുനിലക്കെട്ടിടത്തിന് ബലക്ഷയമില്ലെന്നാണ് സമിതിയുടെ അവസാന നിഗമനമെന്നാണ് വിവരം. പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ അടിവരയിടുകയാണ് ഈ റിപ്പോർട്ടിലും. തൂണുകൾ മാത്രം ബലപ്പെടുത്തിയാൽ മതിയെന്നാണ് ശുപാർശ. അതേസമയം, ഐ.ഐ.ടി സംഘം ഒരുതവണ കൂടി പരിശോധന നടത്തുന്നതു ഉചിതമായിരിക്കുമെന്ന നിർദ്ദേശവുമുണ്ട്. കെട്ടിടസമുച്ചയം ശാസ്‌ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയ ഐ.ഐ.ടി സംഘം 90 ശതമാനം തൂണുകളുടെ നിർമ്മാണത്തിലും അപാകത കണ്ടെത്തിയിരുന്നു. കോൺക്രീറ്റ് തൂണുകൾക്ക് ആവശ്യത്തിന് കമ്പി ഉപയോഗിച്ചില്ലെന്നതിനു പുറമെ കെട്ടിടത്തിന്റെ പല ഭാഗത്തും വിള്ളൽ കാണപ്പെടുന്നതും ചോർച്ചയുള്ളതും പൊതുവായുള്ള ബലക്ഷയവും ചൂണ്ടിക്കാണിച്ചതാണ്. അടിയന്തരമായി ടെർമിനൽ ബലപ്പെടുത്താതെ ബസ് സ്റ്റാൻഡ് പ്രവർത്തിക്കരുതെന്ന മുന്നറിയിപ്പും നൽകിയിരുന്നു. തുടർന്നാണ് ഈ റിപ്പോർട്ട് പഠിക്കാൻ സർക്കാർ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്. നിർമ്മാണത്തിലെ വീഴ്ചയും അഴിമതിയും മറച്ചുവയ്ക്കാൻ സമിതിയെ നിയോഗിച്ചതാണെന്ന ആരോപണമാണ് പ്രതിപക്ഷത്തിന്റേത്.