കോഴിക്കോട്: മൂന്നാംതരംഗം രൂക്ഷമായതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് വാർഡുകൾ നിറഞ്ഞു. ദിവസവും നൂറോളം പേരാണ് ചികിത്സ തേടിയെത്തുന്നത്. കൊവിഡ് ചികിത്സയ്ക്കായി മാറ്റിവെച്ച പി.എം.എസ്.എസ്.വൈ ബ്ലോക്ക് നിറഞ്ഞു കഴിഞ്ഞു. 300ഓളം രോഗികളാണ് ഇവിടെയുളളത്. രോഗികളുടെ എണ്ണം കൂടിയതോടെ കിടക്കാനിടമില്ലാത്ത അവസ്ഥയാണ്. പല വാർഡുകളിലും കിടക്കകളേക്കാൾ അധികം രോഗികളുണ്ട്. പലരും തറയിലാണ് കിടക്കുന്നത്. രോഗികൾ കൂടുന്ന സാഹചര്യത്തിൽ നേരത്തെ കൊവിഡ് വാർഡുകളാക്കിയിരുന്ന പതിനാലോളം മെഡിസിൻ വാർഡുകൾ വീണ്ടും കൊവിഡ് വാർഡുകളാക്കേണ്ട സാഹചര്യമാണ്.
അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളുടെ എണ്ണത്തിലും വൻ വർദ്ധനവാണ്. മെഡിസിൻ, ജെറിയാറ്റിക്, സർജറി ഐ.സി.യുകളിൽ തിക്കിതിരക്കുകയാണ് രോഗികൾ. രോഗികൾ കൂടിയതോടെ വാർഡുകൾ നിറഞ്ഞ് പലരും വരാന്തയിലാണ്. മെഡിസിൻ വാർഡിലാണ് കൂടുതൽ രോഗികൾ. പരിചരണം ആവശ്യമുള്ള രോഗികളെ ചെസ്റ്റ് ആശുപത്രിയിലേക്ക് പറഞ്ഞു വിടുകയാണ്.
കിടക്കകളിലുള്ളവരെ ശരിയായ രീതിയിൽ പരിചരിക്കാൻ ജീവനക്കാരില്ലാത്തതും ആശുപത്രിയെ പ്രതിസന്ധിയിലാക്കുന്നു. ആരോഗ്യ പ്രവർത്തകർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമായത് കാര്യങ്ങൾ സങ്കീർണമാക്കിയിട്ടുണ്ട്. കൊവിഡ് ബ്രിഗേഡിന് കീഴിലുണ്ടായിരുന്ന 800-ലേറെ പേരെ പിരിച്ചുവിട്ടതിനുശേഷം പുതിയ നിയമനമൊന്നും നടത്തിയിട്ടില്ല. ഇത് ജീവനക്കാരുടെ ജോലി ഭാരം കൂട്ടിയിരിക്കുകയാണ്.
മെഡിക്കൽ കോളേജിൽ അനുവദിച്ച 500 സ്റ്റാഫ് നഴ്സുമാരിൽ 114 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. ജോലി ഭാരത്താൽ പാടുപെടുന്ന ആരോഗ്യ പ്രവർത്തകരെകൊണ്ട് മൂന്നാംതരംഗത്തെ നേരിടുക പ്രയാസമാണെന്ന് ജീവനക്കാർ പറയുന്നു. നിലവിലെ ജീവനക്കാരെ കൊവിഡ് ജോലികളിലേക്ക് മാറ്റുന്നതിനാൽ മറ്റ് രോഗികൾക്ക് കൃത്യമായ ചികിത്സ കിട്ടാതെ പോവുകയാണ്. അതേസമയം കൊവിഡ് രോഗികളുടെ പരിചരണത്തിന് ദിവസവും മെഡിസിൻ യൂണിറ്രിലെ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്നത് രോഗികൾക്ക് ആശ്വാസമാണ്.