വടകര: രാത്രി നഗരത്തിലെത്തുന്ന വാഹന യാത്രക്കാരും കാൽനടക്കാരും തെരുവ് നായകളെ ഭയപ്പെടേണ്ട, അന്തി ങ്ങിയാൽ തട്ടിൻ പുറത്ത് ഇക്കൂട്ടർ ഇറങ്ങില്ല. ഉപയോഗശൂന്യമായിക്കിടക്കുന്ന ഓർക്കാട്ടേരിയിലെ കെട്ടിടങ്ങളിലെ മുറികളും കോണിപ്പടികളും തെരുവ് നായകൾ താമസ സൗകര്യമാക്കി മാറ്റിയതോടെ നാട്ടുകാരും ആശ്വാസത്തിലാണ്. രാത്രിയും പകലും ഒരു പോലെ തെരുവ് നായകളെ പേടിക്കാതെ പുറത്തിറങ്ങാം. സംസ്ഥാന പാത വികസനത്തിന്റെ ഭാഗമായി ഓർക്കാട്ടേരി ടൗണിലെ നിരവധി കെട്ടിടങ്ങളുടെ വരാന്തകളടക്കം മുറിച്ചു മാറ്റിയിട്ടുണ്ട്. ഇവിടങ്ങളും തെരുവ് നായകൾ കയ്യടക്കിയിരിക്കുകയാണ്. ഉറങ്ങാൻ മാത്രമല്ല ആളുകളുടെ സമ്പർക്കം ഉണ്ടാവാത്ത ചില കെട്ടിടങ്ങളിൽ പട്ടികൾ പ്രസവമുറിയായും കുട്ടികളെ പരിപാലിക്കാനും ഉപയോഗപ്പെടുത്തുന്നുണ്ട്. ആളുകൾ ശ്രദ്ധിക്കാത്തതിനാൽ ശത്രുക്കളിൽ നിന്നും പട്ടി കുഞ്ഞുങ്ങളെ സംരക്ഷിക്കാനും സൗകര്യപ്രദമാണ്.
റോഡരുകിലും കച്ചവട സ്ഥാപനങ്ങളുടെ വരാന്തകളിലും ആളൊഴിഞ്ഞ പറമ്പുകളിലും മറ്റുമായാണ് തെരുവുനായകൾ രാത്രി കഴിഞ്ഞിരുന്നത്. ലോക്ഡൗണിൽ പൊതുസ്ഥലങ്ങൾ വിജനമായതോടെ തെരുവ് നായ്ക്കൾ പെറ്റുപെരുകിയിരുന്നു. ഒറ്റതിരിഞ്ഞു നടക്കുന്ന നായ്ക്കൾ പൊതുവെ അപകടകാരിയല്ല. എന്നാൽ കൂട്ടംകൂടുമ്പോൾ ശൗര്യം ഏറുകയും ആക്രമണകാരികളാവുകയും ചെയ്യുന്നു.