vandana
വന്ദന വരച്ച ചിത്രത്തിന് മുന്നിൽ

കോഴിക്കോട്: കലയും ആത്മീയതയും ഇഴചേർന്ന മണ്ഡലകലയിൽ വർണ വിസ്മയം ചാലിച്ച് കോഴിക്കോട്ടുകാരി. ബുദ്ധകാലഘട്ടത്തിൽ ഇന്ത്യയിൽ ഏറെ പ്രചാരം നേടിയ മണ്ഡലകലയിൽ പുതിയ പരീക്ഷണങ്ങൾ നടത്തുകയാണ് കുണ്ടുപറമ്പ് എടക്കാട് ആതിരയിലെ വന്ദന മാക്കാത്ത്. സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരിയായ വന്ദന വൃത്തത്തിനുള്ളിൽ സൂക്ഷ്മ നിരീക്ഷണം നടത്തി ദിവസങ്ങളോളം സഞ്ചരിച്ച് തീർക്കുന്ന ചിത്രങ്ങളിൽ ബുദ്ധനും പ്രകൃതിയും കേരളീയ സംസ്കൃതിയുമെല്ലാമുണ്ട്. കേരളത്തിൽ അത്രയേറെ പ്രചാരമില്ലാത്ത കലാരൂപത്തെ വർഷങ്ങൾ നീണ്ട പരിശ്രമത്തിലൂടെയാണ് സ്വന്തമാക്കിയത്. ജോലിത്തിരക്കൊഴിഞ്ഞ നേരങ്ങളിലും രാത്രിയിലുമാണ് കലാപരീക്ഷണം. കണക്ക് കൂട്ടലുകൾ പിഴയ്ക്കാത്ത ജാഗ്രത വേണം മണ്ഡലകലയ്ക്ക്. വൃത്താകൃതിയിലാണ് കൂടുതൽ ചിത്രങ്ങളും. സങ്കീർണമായ വൃത്തത്തിനുള്ളിൽ നിരീക്ഷണവും സൂക്ഷ്മതയും ക്ഷമയും സമന്വയിപ്പിച്ചാണ് ചിത്രങ്ങൾ പൂർത്തീകരിക്കുന്നത്. പേനകൊണ്ടാണ് ചിത്രമൊരുക്കുന്നത്. അക്രലിക്കിൽ ചെയ്യാറുണ്ടെങ്കിലും കൂടുതൽ ശ്രമകരമാണെന്ന് വന്ദന പറയുന്നു. പഠിച്ചുനേടിയതല്ല ചിത്രകലയെങ്കിലും ഇപ്പോൾ താനൊരു ചിത്രകലാ വിദ്യാർത്ഥിയാണെന്ന് വന്ദന. പതിവ് ചിത്രരീതിക്കപ്പുറം സൂക്ഷ്മത കൂടുതൽ വേണ്ടതിനാൽ ഒരു ചിത്രം പൂർത്തിയാകാൻ ദിവസങ്ങളോളമെടുക്കാറുണ്ട്. ഭർത്താവ് അരുൺ, മകൾ ഇഷാന.