work
തെങ്ങുകയറ്റത്തിനിടെ സുജാഉദ്ദീൻ

വടകര: പതിനൊന്ന് വർഷം മുമ്പ് സുജാ ഉദ്ദീൻ മലയാളനാട്ടിലേക്ക് വണ്ടി കയറിയത് നിർമ്മാണ തൊഴിലാളിയായിട്ടാണെങ്കിലും ഇപ്പോൾ വടകര ഭാഗത്തെ ഒന്നാന്തരം തെങ്ങുകയറ്റക്കാരനാണ് ഈ ബംഗാളി. നിർമ്മാണ മേഖലയിൽ തൊഴിലെടുത്തുകൊണ്ടിരിക്കുമ്പോഴാണ് തേങ്ങയിടാൻ ആളെ കിട്ടാതെ നെട്ടോട്ടമോടുന്നവരെ സുജാ ഉദ്ദീൻ കാണുന്നത്. പരിചയമുള്ള തൊഴിലല്ലെങ്കിലും ഒരുകൈ നോക്കാമെന്ന് സുജാഉദ്ദീനും ഉറച്ചു. യന്ത്രസഹായത്തോടെ തെങ്ങ് കയറാൻ പഠിച്ചു. പിന്നെ തിരക്കോട് തിരക്കായിരുന്നു. ഒറ്റയ്ക്ക് കയറി തീർക്കാൻ കഴിയാതായതോടെ സഹോദരീ ഭർത്താവ് അമീർ ചന്ദിനെയും രംഗത്തിറക്കി. തെങ്ങ് കൂടാതെ കവുങ്ങിലും കയറാൻ റെഡിയാണ് ഇരുവരും.

നെല്ലിന്റെ നാട്ടിൽ നിന്ന് നിർമ്മാണ തൊഴിൽ തേടിയെത്തി തെങ്ങുകയറ്റക്കാരായി ജീവിതം വഴിമാറിയെങ്കിലും അന്നത്തിന് മുട്ടില്ലെന്ന് ഇരുവരും പറയുന്നു. നോട്ടീസ് പ്രചാരണത്തിലൂടെയാണ് തൊഴിൽ കൂടുതലായും കണ്ടെത്തുന്നത്. കൈനാട്ടി, അഴിയൂർ, വില്യാപ്പള്ളി, നാദാപുരം ഭാഗങ്ങളിലാണ് തൊഴിൽ ചെയ്യാൻ സൗകര്യമെന്നും ദൂരംകൂടിയാൽ യാത്രയ്ക്കായി കുറെ സമയം നഷ്ടപ്പെടുമെന്നും സുജാഉദ്ദീൻ പറയുന്നു. പുറമേരി കക്കംവെള്ളിയിൽ വാടകവീട്ടിലാണ് ഭാര്യയ്ക്കും രണ്ടു മക്കളോടുമൊപ്പം സുജാഉദ്ദീൻ കഴിയുന്നത്. തെങ്ങുകയറ്റത്തൊഴിൽ ചെയ്ത് ഇവിടെ സ്വന്തമായൊരു വീടുവെക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. ഫോൺ: 8075127347.